നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ മൃതദേഹം കണ്ടെത്താനായി നാവികസേനയുടെ നേതൃത്വത്തില്‍ ചാലിയാറില്‍ മുങ്ങിത്തിരച്ചില്‍ നടത്തി

നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ മൃതദേഹം കണ്ടെത്താനായി നാവികസേനയുടെ നേതൃത്വത്തില്‍ ചാലിയാറില്‍ മുങ്ങിത്തിരച്ചില്‍ നടത്തി

എടവണ്ണ: മൈസൂരു സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി നാവിക സേനാംഗങ്ങളുടെ നേതൃത്വത്തില്‍ എടവണ്ണ ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ നടത്തി. നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളായ ഷൈബിന്‍ അഷ്‌റഫ്, ഷൈബിന്റെ മാനേജര്‍ ഷിഹാബുദ്ദീന്‍, മറ്റ് കസ്റ്റഡിയിലുള്ള പ്രതികളായ നൗഷാദ്, നിഷാദ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ചാലിയാര്‍ പുഴയില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ തിരച്ചിലില്‍ കാര്യമായ തെളിവുകളൊന്നും പോലീസിന് ലഭ്യമായില്ല.
ഷാബാ ഷെരീഫിനെ കൊന്ന് ചെറിയ കഷണങ്ങളാക്കി പ്ലാസ്റ്റിക് സഞ്ചികളിലാക്കിയ ശേഷം രാത്രി എടവണ്ണ സാലിയാറിന് കുറുകെയുള്ള സീതി ഹാജി പാലത്തില്‍ നിന്ന്ത ാഴേക്ക് വലിച്ചെറിഞ്ഞു എന്നായിരുന്നു പ്രതികളുടെ മൊഴി. 2019 ല്‍ ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവന്നെങ്കിലും ഒന്നൊര വര്‍ഷത്തോളം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലുള്ള വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ച് പീഡിപ്പിച്തിന് ശേഷം 2020 ഒക്‌ടോബറിലായിരുന്നു കൊലചെയ്തത്. തുടര്‍ന്ന് ഒരു വര്‍ഷകാലം കഴിഞ്ഞെങ്കിലും മൃതദേഹത്തിന്റെ എന്തെങ്കിലും അവശിഷ്ടങ്ങള്‍ ലഭ്യമാകുമോ എന്നറിയാനാണ് തിരച്ചില്‍ നടത്തിയത്. എടവണ്ണ സീതി ഹാജി പാലത്തിന്റെ മൂന്നാമത് തൂണിന് സമീപമാണ് പുഴയിലേക്ക് അവശിഷ്ടങ്ങള്‍ വലിച്ചെറിഞ്ഞതെന്നാണ് മൊഴി. പാലത്തിന്റെ രണ്ടാമത്തേയും മൂന്നാമത്തേയും തൂണുകളുടെ സമീപം വെള്ളം കെട്ടി നില്‍ക്കുന്ന ഭാഗങ്ങളിലാണ് നാവിക സേനാംഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയുള്ള തിരച്ചില്‍ നടത്തിയത്. രാവിലെ പത്തരയോടെ തുടങ്ങിയ തിരച്ചില്‍ വൈകുന്നേരം ആറ് വരെ തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
മൈസൂര്‍ സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിനെ കൊലപ്പെടുത്തി മൃതദേഹം ചാലിയാര്‍ പുഴയില്‍ തള്ളിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതകം സ്ഥിരീകരിക്കാവുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. മുഖ്യ പ്രതി ഷൈബിന്‍ അഷ്റഫ്, ഇയാളുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ നിഷാദ് എന്നിവരെ എടവണ്ണ പാലത്തിലെത്തിച്ച് കഴിഞ്ഞ ദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മൃതദേഹം തള്ളിയ ഭാഗം പ്രതികള്‍ പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയും പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹാവശിഷ്ടം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസ് നാവിക സേനയുടെ സഹായം തേടിയത്.
ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ അഭ്യര്‍ത്ഥന പ്രകാരം കൊച്ചിയില്‍ നിന്നുള്ള നാവികസേനയുടെ കമാന്‍ഡ് ക്ലിയറന്‍സ് ഡൈവിങ് ടീം മാര്‍ഷല്‍ ചീഫ് പ്രേമേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് തിരച്ചിലിനെത്തിയത്. ചാന്ദ് കുമാര്‍, ദീപക്, ദേവേന്ദര്‍ സിങ്, എന്‍സിക്കര്‍ വാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍. അത്യാധുനിക സൗകര്യങ്ങളുള്ള ജെമിനി ബോട്ട്(റബ്ബര്‍ ഡിങ്കി), വെള്ളത്തില്‍ മുങ്ങിത്തിരയാനുള്ള സ്‌കൂബ ഡൈവിങ് പോലുള്ള ഉപകരണങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍. തിരച്ചിലിനിടെ പുഴക്കടിയില്‍ നിന്ന് ലഭിച്ച പ്ലാസ്റ്റിക് ചാക്ക്, പ്ലാസ്റ്റിക് കവര്‍ ഉള്‍പ്പെടുള്ളവ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും കേസിന് തെളിവാകാവുന്ന ഒന്നും കണ്ടെത്താനായില്ല.
നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ. അബ്രഹാം, സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.എം. ബിജു, നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുളള പോലീസും തിരുവാലി ഫയര്‍ യൂണിറ്റും എടവണ്ണ എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സും(ഇ.ആര്‍.എഫ്) തിരച്ചിലില്‍ പങ്കാളികളായി. നാവിക സേനയുടെ പുഴയില്‍ മുങ്ങി താഴ്ന്നുള്ള തിരച്ചില്‍ കാണാന്‍ മഴക്കിടയിലും നിരവധി നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.

 

 

Sharing is caring!