മലപ്പുറത്തെ ആത്മീയ ചികിത്സകന്‍ ഹാഷിഷ് ഓയിലുമായി പിടിയില്‍

മലപ്പുറത്തെ ആത്മീയ ചികിത്സകന്‍ ഹാഷിഷ് ഓയിലുമായി പിടിയില്‍

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഒരു കിലോ ഹാഷിഷ് ഓയിലുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കല്‍ കോയക്കുട്ടി തങ്ങളാണ് ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വെച്ച് പോലീസ് പിടിയിലായത്. ഇരിങ്ങാട്ടിരിയിലെ വീട്ടില്‍ പ്രതി ആത്മീയ ചികിത്സ നടത്തി വരികയായിരുന്നു. ഇയാള്‍ ഇടക്കിടെ തമിഴ്‌നാട്ടിലെ ഏര്‍വാടി സന്ദര്‍ശിക്കുന്നതും പതിവായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തോളമായി കോയക്കുട്ടി തങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പെരുവക്കാട് വെച്ച് ഒരു കിലോ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ രണ്ട് പൊതികളിലാക്കിയാണ് ഹാഷിഷ് ഓയില്‍ സൂക്ഷിച്ചത്.

പിടിയിലായ കോയക്കുട്ടി തങ്ങള്‍ മൊത്ത വില്‍പ്പനക്കാരനാണെന്ന് പോലീസ് സംശയിക്കുന്നു. മേലാറ്റൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ് ഷാരോണിനെ നേതൃത്വത്തില്‍ പാണ്ടിക്കാട് എസ്‌ഐ ഇ എ അരവിന്ദന്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. ഏര്‍വാടിയില്‍ നിന്നാണ് ഇയാള്‍ ഹാഷിഷ് ഓയില്‍ എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്ന് പോലീസ് അറിയിച്ചു.

Sharing is caring!