മലപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ അജ്ഞാതന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു

മലപ്പുറം: ദുരൂഹസാഹചര്യത്തില്‍ അജ്ഞാതന്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രവാസി മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീല്‍(42) ആണ് മരിച്ചത്. സൗദിയില്‍ ആയിരുന്ന ജലീലിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശേഷം കാണാതാവുകയായിരുന്നു. വെട്ടേറ്റ രീതിയിലുള്ള പരിക്കുകളോടെയാണ് ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രക്തം വാര്‍ന്ന് മലപ്പുറം ആക്കപ്പറമ്പില്‍ വഴിയരികിലാണ് ജലീലിനെ ആദ്യം കണ്ടെത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ശരീരമാസകലം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വരഞ്ഞ് മുറിച്ച പാടുകള്‍ കണ്ടെത്തിയിരുന്നു. വഴിയരികില്‍ അവശനിലയില്‍ കണ്ടെത്തിയെന്ന് പറഞ്ഞാണ് അജ്ഞാതന്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെ പുലര്‍ച്ചെയാണ് ജലീല്‍ മരണത്തിന് കീഴടങ്ങിയത്. ജലീലിന്റെ ഭാര്യയെ ഒരാള്‍ ഇന്റര്‍നെറ്റ് കോളിലൂടെ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരം വിളിച്ചു പറഞ്ഞു.
സൗദിയില്‍ പത്ത് വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന ജലീല്‍ 15നാണ് നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയത്. സ്വീകരിക്കാന്‍ വരാന്‍ ഇറങ്ങിയ ഭാര്യയോടും ഉമ്മയോടും സുഹൃത്തുക്കളോടൊപ്പം പെരിന്തല്‍മണ്ണയില്‍ എത്തുമെന്നും അവിടെ എത്തിയാല്‍ മതിയെന്നും ജലീല്‍ വിളിച്ചു പറഞ്ഞു. വൈകുന്നേരം പെരിന്തല്‍മണ്ണയില്‍ എത്തിയെന്നും മണ്ണാര്‍ക്കാട് വരെയെത്തിയ ബന്ധുക്കളോട് മടങ്ങി പോയിക്കൊള്ളാനും ജലീല്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ രാത്രി വൈകിയും ജലീല്‍ വീട്ടിലെത്താതിരുന്നതോടെ ബന്ധുക്കള്‍ അഗളി പോലീസില്‍ പരാതി നല്കി. കഴിഞ്ഞ 16നാണ് ജലീല്‍ അവസാനമായി വീട്ടുകാരോട് സംസാരിച്ചത്.
ജലീല്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ടല്ലോയെന്നും വീട്ടില്‍ വരുമോയെന്ന് നോക്കാം എന്നുമായിരുന്നു പോലീസ് എടുത്ത നിലപാട്. ഇതിനാല്‍ തന്നെ പോലീസ് കേസെടുത്തിരുന്നില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. പിന്നീട് ജലീല്‍ വിളിച്ചപ്പോള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയ കാര്യം സൂചിപ്പിച്ചു. അപ്പോള്‍ പരാതി പിന്‍വലിക്കണമെന്ന് ജലീല്‍ പറഞ്ഞെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് ദിവസങ്ങള്‍ക്ക് ശേഷം അജ്ഞാതന്‍ ജലീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിളിച്ചു പറഞ്ഞത്. അതെ സമയം സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിവരമുണ്ട്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ച വ്യക്തിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]