മലപ്പുറം സ്വദേശിക്ക് കൊച്ചിയില്‍ നിന്ന് കളഞ്ഞുകിട്ടിയത് ഒരു ബാഗ്

മലപ്പുറം സ്വദേശിക്ക് കൊച്ചിയില്‍ നിന്ന് കളഞ്ഞുകിട്ടിയത് ഒരു ബാഗ്

മലപ്പുറം: ആരെങ്കിലും മറന്നുവച്ച ബാഗോ വസ്തുക്കളോ എടുത്ത് അറിയാത്ത രീതിയില്‍ സ്ഥലം വിടുന്നവര്‍ ധാരാളം പേരുണ്ട്. കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശിയായ 56കാരന് കിട്ടിയ എട്ടിന്റെ പണി അറിഞ്ഞാല്‍ പിന്നെ ഈ പരിപാടിക്ക് ആരും മുതിരില്ല.

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്ത് നില്‍ക്കെയാണ് സ്റ്റേഷനിലെ സിമന്റ് ബഞ്ചില്‍ അനാഥമായിരിക്കുന്ന ബാഗ് മലപ്പുറം സ്വദേശിയുടെ കണ്ണില്‍പ്പെട്ടത്. കുറെ നേരം കാത്തിട്ടും ബാഗെടുക്കാന്‍ ആരും വന്നില്ല. ഒടുവില്‍ ഒരു കൗതുകത്തിന് ഈ ബാഗുമെടുത്ത് ആശാന്‍ അടുത്ത ട്രെയിന്‍ പിടിച്ചു.

ഇതിനിടയിലായിരുന്നു ട്വിസ്റ്റ്. നോര്‍ത്തില്‍ നിന്ന് ഉടുപ്പിയിലേക്ക് പോയ വൃദ്ധദമ്പതികളുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാഗായിരുന്നു കക്ഷി വീട്ടിലേക്ക് കൊണ്ടുപോയത്. ട്രെയിന്‍ കയറുന്നതിനിടെ എടുക്കാന്‍ മറന്ന ബാഗിന്റെ വിവരം ഇതികം വൃദ്ധദമ്പതികള്‍ അടുത്ത ബന്ധുവിനെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥലത്ത് എത്തിയെങ്കിലും ബാഗ് കണ്ടില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സി.സി.ടിവി പരിശോധിച്ച് ബാഗ് എടുത്തയാളെ തിരിച്ചറിഞ്ഞു. പിന്നെ അധിക സമയം വേണ്ടിവന്നില്ല, അങ്കമാലിയില്‍ നിന്ന് മലപ്പുറംകാരന്‍ പിടിയിലായി. താന്‍ ബാഗ് മോഷ്ടിച്ചതല്ലെന്നും ഒരു കൗതുകത്തിന് എടുത്തതാണെന്നുമാണ് ഇയാളുടെ മൊഴി.

സംഭവം മോഷണ വകുപ്പില്‍ വരുന്നതിനാല്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് റെയില്‍വെ പൊലീസിന് കൈമാറി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Sharing is caring!