നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ ലക്ഷ്യംവെച്ചത് മൂലക്കുരു ഒറ്റമൂലിയിലൂടെ കോടീശ്വരനാകാന്‍

നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ ലക്ഷ്യംവെച്ചത് മൂലക്കുരു ഒറ്റമൂലിയിലൂടെ കോടീശ്വരനാകാന്‍

മലപ്പുറം: മൂന്നുവര്‍ഷം മുമ്പ് കാണാതായ പരമ്പര്യവൈദ്യനെ മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യത്തിനായി ഒരുവര്‍ഷത്തിലേറെ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയും പ്രവാസി വ്യവസായിയുമായ നിലമ്പൂര്‍ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫിന്(42)പുറമെ മൂന്നുപേര്‍കൂടി അറസ്റ്റില്‍. ഷൈബിന്റെ മാനേജരായ വയനാട് ബത്തേരി പൊന്നക്കാരന്‍ ഷിഹാബുദ്ദീന്‍ (36), തങ്ങളകത്ത് നൗഷാദ് (41), ഷൈബിന്റെ ഡ്രൈവര്‍ നടുതൊടിക നിഷാദ് (35) എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു വിജയനഗര്‍ സ്വദേശിയും വൈദ്യനുമായ ഷാബ ഷരീഫിന് (60) മാത്രം അറിയാവുന്ന മൂലക്കുരു ഒറ്റമൂലിയുടെ രഹസ്യം സ്വന്തമാക്കി മരുന്ന് വ്യാപാരത്തിലൂടെ കോടിശ്വരനകാനുള്ള ഷൈബിന്റെ പദ്ധതിയാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.ഇക്കാര്യം കൂട്ടുപ്രതികളോട് ഇയാള്‍ പറഞ്ഞതായും മൊഴിയുണ്ട്. ഇതിനായി തന്റെ വീടിന്റെ ഒന്നാംനിലയില്‍ പ്രത്യേകം മുറി തയ്യാറാക്കി ചങ്ങലയില്‍ ബന്ധിച്ച് തടവില്‍ താമസിപ്പിച്ചു. ഒരു വര്‍ഷമായിട്ടും രഹസ്യം കിട്ടിയില്ല. ഇതോടെ കൊലപാതകം നടത്തി. സ്വന്തം വീട്ടിലായിരുന്നു കൊല. ഭാര്യ അടക്കം ഈ വീട്ടില്‍ താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ ഭാര്യയുടെ പങ്കും അന്വേഷിക്കും. 2020 ഒകേ്ടാബറില്‍ ഷൈബിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചും മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ ഷാബാ കൊല്ലപ്പെട്ടതെന്നാണ് മൊഴി. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാര്‍ പുഴയില്‍ തള്ളി. രണ്ടുവര്‍ഷം പിന്നിട്ടതിനാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുക പ്രയാസമായിരിക്കുമെന്ന് പൊലീസ് പറയുന്നു. ഇത് കേസിനെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും. പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അവരെ പറഞ്ഞു പറ്റിച്ചുവെന്നും പറയുന്നു. അങ്ങനെയാണ് മോഷണം നടത്തുന്നതെന്നാണ് പിടിയിലായവരുടെ മൊഴി.
ഷാബ ഷരീഫ് നേരിട്ടത് അതിക്രൂരമായ മര്‍ദ്ദനങ്ങളാണെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. ഷാബ ഷരീഫിനെ മൈസൂരുവില്‍ നിന്നു തട്ടിക്കൊണ്ടുവന്നവരും കേസില്‍ പ്രതികളാവും. ലാപ്‌ടോപ്, പെന്‍ഡ്രൈവ് തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പുറംലോകമറിയാതെ ഇത്രനാള്‍ എങ്ങനെ റൂമില്‍ ഒളിപ്പിച്ചു എന്നതില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്നും എസ്.പി പറഞ്ഞു. പുഴയില്‍ എറിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ ഒന്നര വര്‍ഷത്തിന് ശേഷം കണ്ടെത്തുക എന്നത് ദുഷ്‌കരമായതിനാല്‍ സാഹചര്യ തെളിവുകളും ദൃക്‌സാക്ഷി മൊഴികളും ഡിജിറ്റല്‍ തെളിവുകളും കേന്ദ്രീകരിക്കാനാണ് പോലീസിന്റെ തീരുമാനം.
കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ കൊലക്കേസിലെ പ്രധാന പ്രതിയായ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ മുഴുവന്‍ പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അതേ സമയം ഷൈബിന്‍ അഷ്‌റഫിനെതിരായ ആരോപണങ്ങള്‍ എല്ലാം പരിശോധിക്കാനാണ് പോലീസ് നീക്കം. ഇതിനിടെ 2020ല്‍ അബുദാബിയില്‍ വച്ച് വ്യാപാര പങ്കാളിയായ മുക്കം സ്വദേശി ഹാരിസും ഒപ്പമുണ്ടായിരുന്ന സ്ത്രീയും മരിച്ച കേസിലും ഇയാള്‍ക്കു പങ്കുണ്ടെന്ന രീതിയിലുള്ള പിടിയിലായ മറ്റു പ്രതികള്‍ മൊഴി നല്‍കിയതായി സൂചനയഒണ്ട്. എന്നാല്‍ ഇത് തന്റെ മേല്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കുന്നതെന്നും ഷൈബിന്‍ അഷ്‌റഫ് ആരോപിച്ചു. സെക്രട്ടേറിയറ്റ് പടിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ച നൗഷാദ് അടക്കമുള്ളവര്‍ തന്നെ ബന്ധിയാക്കിയ ശേഷം ദേഹത്ത് കത്തി വച്ചാണ് ഏഴു ലക്ഷം രൂപ കവര്‍ന്നത്. തന്റെ പേരിലുള്ള മൂന്നു സ്ഥലങ്ങളിലെ ഭൂമിയുടെ ആധാരം സംഘം ആവശ്യപ്പെട്ടു. തനിക്കൊപ്പം ജോലിക്കാരായി പ്രവര്‍ത്തിച്ചവരും അറിയുന്നവരുമാണ് ആക്രമിച്ചതും ആത്മഹത്യാഭീഷണി മുഴക്കിയതും. വീട്ടില്‍ കൂടുതല്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ബന്ധിയാക്കി പണം കവരാനെത്തിയതെന്നും ഷൈബിന്‍ അഷ്‌റഫ് പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ കൂടി കണക്കിലെടുത്താണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചവരെ പോലീസ് പൊക്കിയത്. ഇതാണ് വൈദ്യന്റെ കൊലപാതകം പുറത്തു കൊണ്ടു വന്നത്.

 

Sharing is caring!