സുഹാനക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

സുഹാനക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ യുവകലാപ്രതിഭകള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ മുക്കം സ്വദേശി സുഹാന സലീമിന് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദന കത്ത്. ‘വ്യത്യസ്ത സാംസ്‌കാരിക മേഖലകളിലെ യുവകലാകാരന്മാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്’ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്ന കത്തില്‍ സുഹാനയുടെ കലയോടുള്ള സമര്‍പ്പണത്തിനും കഴിവിനും കിട്ടിയ അംഗീകാരമാണ് ഇതെന്നും മുക്കത്ത് നിന്നുള്ള യുവപ്രതിഭകള്‍ സാംസ്‌കാരിക മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നത് അഭിമാനകരമാണെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു

പ്രദേശങ്ങള്‍ക്കും മതത്തിനും ജാതിക്കും വര്‍ഗത്തിനും അതീതമായ കലാകാരന്മാരാല്‍ നമ്മുടെ സാംസ്‌കാരിക പൈതൃകം സമ്പന്നമാണെന്ന് ഭരതനാട്യത്തിലെ നിങ്ങളുടെ മികവ് അടയാളപ്പെടുത്തുന്നുവെന്നും, കല ആളുകളുടെ ഹൃദയങ്ങള്‍ക്കും മനസ്സുകള്‍ക്കുമിടയില്‍ പാലമുണ്ടാക്കുകയും പങ്കുവെക്കപ്പെടുന്ന പൈതൃകം പരിപോഷിപ്പിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

ക്ലാസിക്കല്‍ കലകളില്‍ സ്വന്തം കുടുംബത്തിന്റെ അഭിമാനകരമായ പാരമ്പര്യം സുഹാന പിന്തുടരുന്നതില്‍ സന്തോഷം അറിയിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്.
ഭരതനാട്യത്തില്‍ മിനിസ്ട്രി ഓഫ് കള്‍ച്ചറിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സ് ആന്റ് ട്രെയിനിങ് നല്‍കുന്ന യെങ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ ഷിപ്പാണ് മുക്കം സ്വദേശിയായ സുഹാന സലീമിന് ലഭിച്ചത്. മുക്കത്തു വെച്ച് നടന്ന ചടങ്ങില്‍ ഡി. സി. സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ രാഹുല്‍ ഗാന്ധി എം. പി യുടെ അഭിനന്ദന കത്ത് സുഹനക്ക് കൈമാറി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. പി. ചെറിയ മുഹമ്മദ്,അഹമ്മദ് കുട്ടി ഹാജി,ബാബു പൈക്കാട്ടില്‍, സി. കെ. കാസിം,സി. ജെ. ആന്റണി, കെ. ടി. മന്‍സൂര്‍,എം. ടി. അഷ്റഫ്, പി. സി. മാത്യു,കെ. വി. അബ്ദുറഹിമാന്‍,ദാവൂദ് മുത്താലം, ബി. പി. റഷീദ് എന്നിവര്‍ പങ്കെടുത്തു.

 

Sharing is caring!