അടുക്കളയില്‍ കഞ്ചാവ് സൂക്ഷിച്ച മലപ്പുറത്തെ 40കാരന്‍ പിടിയില്‍

അടുക്കളയില്‍ കഞ്ചാവ് സൂക്ഷിച്ച മലപ്പുറത്തെ 40കാരന്‍ പിടിയില്‍

മലപ്പുറം: ഊര്‍ങ്ങാട്ടിരി പാറപ്പാച്ചലില്‍ വീട്ടിന്റെ അടുക്കളയില്‍ സൂക്ഷിച്ച ഒന്നേ മുക്കാല്‍ കിലോ കഞ്ചാവ് അരീക്കോട് പോലീസ് പിടികൂടി. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ തിരുത്തി പറമ്പന്‍ വീട്ടില്‍ ബഷീര്‍ (49) നെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് പോലീസ് നേരത്തെ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയത് ബഷീറാണ് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബഷീറിന്റെ നീക്കങ്ങള്‍ ഒരു മാസമായി നിരീക്ഷിച്ചു വരികയായിരുന്നു.

ഇതിനിടയിലാണ് അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നിര്‍ദ്ദേശപ്രകാരം കോടതിയില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങി തിങ്കളാഴ്ച വൈകുന്നേരം ബഷീറിന്റെ പാറപ്പാച്ചലിലെ വീട്ടില്‍ പ്രത്യേക പരിശോധന നടത്തിയത്. തുടര്‍ന്ന് നീണ്ട രണ്ടു മണിക്കൂര്‍ നേരം നടത്തിയ പരിശോധനയിലാണ് വീട്ടിന്റെ അടുക്കളയിലെ ഫ്രിഡ്ജിന് ചുവട്ടില്‍ രഹസിമായി സൂക്ഷിച്ച 1കിലോ 790 ഗ്രാം കഞ്ചാവ് കണ്ടെത്തി പോലീസ് പിടികൂടിയത്.

പ്രതി രക്ഷപ്പെടും എന്ന് കരുതി ഔദ്യോഗിക വാഹനത്തിലും അല്ലാതെയും ആണ് പ്രതിയുടെ വീട്ടില്‍ പോലീസെത്തി പ്രത്യേക പരിശോധന നടത്തിയിരുന്നത്. പ്രതി ബഷീര്‍ മുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് അരീക്കോട് പോലീസ് പറഞ്ഞു. അരീക്കോട് സ്റ്റേഷനില്‍ മാത്രം എട്ടോളം കഞ്ചാവ് കേസുകളും വാഴക്കാട്, മുക്കം, മഞ്ചേരി, കോഴിക്കോട് സ്റ്റേഷനുകളിലും പ്രതിക്ക് കേസുകളുണ്ട്.

അന്യസംസ്ഥാനങ്ങളില്‍നിന്ന് വലിയ രീതിയില്‍ ഇത്തരത്തില്‍ കഞ്ചാവ് എത്തിച്ച് ആവശ്യക്കാര്‍ക്ക് ചെറിയ പായ്ക്കറ്റുകളില്‍ ആയി കഞ്ചാവ് വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി എന്നത് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബഷീറിന് ഇത്തരത്തില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആന്ധ്രയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണ് പോലീസ്.

അതേസമയം പ്രതിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചു സമയം ഇത് കണ്ടുനിന്ന ദൃക്‌സാക്ഷികള്‍ കഞ്ചാവ് ലഭിച്ചു എന്നത് കണ്ടു എന്ന കാര്യം പോലീസില്‍ ഒപ്പിട്ടു നല്‍കാന്‍പോലും പ്രതിയെ പേടിച്ചിട്ട് തയ്യാറായില്ല എന്നും അരീക്കോട് പോലീസ് പറഞ്ഞു. മകളെയും കഞ്ചാവ് കടത്തുന്നതിനു ബഷീര്‍ നേരത്തെ ഉപയോഗിച്ചിരുന്നു. ഈ സംഭവത്തിലും അരീക്കോട് പോലീസ് നേരത്തെ കേസ് എടുത്തിട്ടുണ്ട്.പ്രതിയെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ചൊവ്വാഴ്ച മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജു മോന്റെ നിര്‍ദേശപ്രകാരം എസ്‌ഐമാരായ അജസുദീന്‍,വിജയന്‍,അസീസ്,അമ്മദ്, എഎസ്‌ഐ കബീര്‍, എസ്സിപിഒ ജയ സുധ,അബ്ദുല്‍ ബഷീര്‍, ഫില്‍സര്‍ ചേക്കുട്ടി, ഷിബു, സലീഷ് കുമാര്‍, ഇബ്രാഹിം, യൂസുഫ് സിസിത്ത് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.

 

Sharing is caring!