തുടര്‍ഭരണം കേരളത്തെ വില്‍ക്കാനുള്ള ലൈസന്‍സല്ല: ആര്യാടന്‍ ഷൗക്കത്ത്

തുടര്‍ഭരണം കേരളത്തെ വില്‍ക്കാനുള്ള ലൈസന്‍സല്ല: ആര്യാടന്‍ ഷൗക്കത്ത്

ആലപ്പുഴ: പിണറായി വിജയന്‍ സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണം കേരളത്തെ വിറ്റുതുലക്കാനുള്ള ലൈസന്‍സല്ലെന്ന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് രണ്ടു ലക്ഷം കോടിയിലേറെ ചെലവു വരുന്ന കെ. റെയിലെന്നും ആരോപിച്ചു. നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ കേരളത്തെ കടക്കെണിയിലാക്കി ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നയിക്കുന്നത്.
‘കെ റെയില്‍ വേഗതയല്ല വേദനമാത്രം’ എന്ന മുദ്രാവാക്യവുമായി സംസ്‌ക്കാര സാഹിതി സാംസ്‌ക്കാരിക യാത്രക്ക് നൂറനാട്ട് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ആര്യാടന്‍ ഷൗക്കത്ത്. ഇ.എം.എസ് മുതല്‍ 2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വരെ 1,60638 കോടി രൂപയാണ് കടം വാങ്ങിയിരുന്നെങ്കില്‍ പിണറായി വിജയന്റെ 6 വര്‍ഷത്തെ ഭരണം കൊണ്ട് കേരളത്തിന്റെ കടബാധ്യത 3,20,486 കോടി രൂപയായി കുത്തനെ കൂടി. ആളോഹരി കടം ഒരു ലക്ഷം രൂപക്കടുത്താണ്. കെ. റെയില്‍ കേരളത്തെ സാമ്പത്തികമായി മാത്രമല്ല, പാരിസ്ഥിതികമായും തകര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടിക്കുന്നില്‍ സുരേഷ് എം.പി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കോശി എം കോശി ആധ്യക്ഷം വഹിച്ചു. മുന്‍ എം.എല്‍.എ കെ.കെ ഷാജു മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി ശ്രീകുമാര്‍, ജാഥാ വൈസ് ക്യാപ്റ്റന്‍ എന്‍.വി പ്രദീപ്കുമാര്‍, സംസ്‌ക്കാരസാഹിതി സംസ്ഥാന ഭാരവാഹികളായ അനി വര്‍ഗീസ്, കെ.എം ഉണ്ണികൃഷ്ണന്‍, വൈക്കം എം.കെ ഷിബു, സംസ്‌ക്കാര സാഹിതി ജില്ലാ ചെയര്‍മാന്‍ ഡോ. രാജേഷ്, കണ്‍വീനര്‍ സി.കെ ജയകുമാര്‍ പ്രസംഗിച്ചു. ചെങ്ങന്നൂരില്‍ നല്‍കിയ സ്വീകരണവും കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. അഡ്വ. എബി കുര്യാക്കോസ് ആധ്യക്ഷം വഹിച്ചു.
ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച തെരുവുനാടകം ‘കലികാലക്കല്ല്’ അവതരിപ്പിച്ചു. കെ റെയില്‍ പാതക്കായി സ്ഥലം കണ്ടെത്തിയ 11 ജില്ലകളിലും ഇതിന്റെ ദുരിതം പേറുന്ന ജനങ്ങളുമായി സംവദിക്കുന്ന സാംസ്‌ക്കാരിക യാത്ര 14ന് കാസര്‍ഗോട്ട് സമാപിക്കും.

 

Sharing is caring!