കെ റെയിലില്‍ സാംസ്ക്കാരിക നായകര്‍ നിസംഗത വെടിയണം: ആര്യാടന് ഷൗക്കത്ത്
കൊല്ലം: കെ. റെയില്‍ പദ്ധതി കേരളത്തെ തകര്‍ക്കുമ്പോള്‍ സാംസ്ക്കാരിക നായകര്‍ നിസംഗത വെടിയണമെന്ന് സംസ്ക്കാര സാഹിതി ചെയര്മാന് ആര്യാടന് ഷൗക്കത്ത്. വികലമായ വികസന വായ്ത്താരിക്കൊപ്പം ചേരാതെ കെ റെയില്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക, സാമ്പത്തിക, സാമൂഹിക നാശങ്ങള്‍ക്കെതിരെ വിരല്‍ചൂണ്ടാനുള്ള ആര്‍ജ്ജവമാണ് സാംസ്ക്കാരിക നായകര്‍ കാണിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ‘കെ റെയില്‍ വേഗതയല്ല വേദനമാത്രം’ എന്ന മുദ്രാവാക്യവുമായി സംസ്ക്കാര സാഹിതി സാംസ്ക്കാരിക യാത്രക്ക് ചാത്തന്നൂരില്‍ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ അദ്ദേഹം. കേരളത്തിന് പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന പദ്ധതികള്‍ക്കെതിരെ മലയാളത്തിന്റെ എഴുത്തുകാര്‍ കൃത്യമായി ശബ്ദിക്കുകയും ഭരണകൂടങ്ങളെ തിരുത്തുകയും ചെയ്ത ചരിത്രമാണ് നമ്മുടേത്.
രാഷ്ട്രീയ നേതൃത്വങ്ങള്‍ അനുകൂലിച്ചിട്ടും സൈലന്റ്വാലി പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തിയത് പരിസ്ഥിതിവാദികളും സാംസ്ക്കാരിക പ്രവര്‍ത്തകരുമാണ്. സൈലന്റ്വാലി പദ്ധതി കേരളത്തിലെ വൈദ്യുതിക്ഷാമത്തിന് പരിഹാരമാകുമെന്നായിരുന്നു അന്നത്തെ വികസന വാദം. സൈലന്റ്വാലിയിലെ ജൈവസമ്പത്ത് സംരക്ഷിക്കാന്‍ പദ്ധതിക്ക് അനുമതി നിഷേധിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കാണിച്ച ആര്‍ജ്ജവമാണ് സമരത്തിന്റെ വിജയമായത്. സൈലന്റ്വാലി പദ്ധതിക്കെതിരായ സമരവും കൊക്കകോളയെ കെട്ടുകെട്ടിച്ച പ്ലാച്ചിമട സമരവുമെല്ലാം കെ റെയിലിനെതിരായ പോരാട്ടത്തിന് ഊര്‍ജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. പ്രതാപവര്‍മ്മ തമ്പാന് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചാത്തന്നൂര്‍ നിയോജകമണ്ഡലം ചെയര്മാന് നെടുങ്കോലം രഘു ആധ്യക്ഷം വഹിച്ചു. ജാഥാ വൈസ് ക്യാപ്റ്റന്‍ എന്‍.വി പ്രദീപ്കുമാര്‍, സംസ്ക്കാരസാഹിതി സംസ്ഥാന ഭാരവാഹികളായ വൈക്കം എം.കെ ഷിബു, കെ.എം ഉണ്ണികൃഷ്ണന്, കെ.ആര്.ജി ഉണ്ണിത്താന്, അഡ്വ. ഷാന്‍ പത്തനാപുരം, ജില്ലാ ചെയര്മാന് എബി പാപ്പച്ചന്, കണ്‍വീനര്‍ ഇഖ്ബാല്‍ ക്ലാപ്പന, പരവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എസ്. ശ്രീജ, ആദിച്ചനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, സുഭാഷ് പുളിക്കന്‍, എസ്, ശ്രീലാല്‍, എ. ഷുഹൈബ്, എന്‍. ഉണ്ണികൃഷ്ണന്, പ്രതീഷ് കല്ലുവാതുക്കല്‍, ബിജു പാരിപ്പള്ളി, വിനോദ് പാരിപ്പള്ളി പ്രസംഗിച്ചു.
കുണ്ടറയിലെ സ്വീകരണയോഗം പി.സി വിഷ്ണുനാഥ് എം.എല്‍.എയും ഭരണിക്കാവില്‍ സി.ആര് മഹേഷ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.
ആര്യാടന് ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച തെരുവുനാടകം ‘കലികാലക്കല്ല്’ അവതരിപ്പിച്ചു. നിര്‍ദ്ദിഷ്ട കെ റെയില്‍ പാതക്കായി സ്ഥലം കണ്ടെത്തിയ 11 ജില്ലകളിലും ഇതിന്റെ ദുരിതം പേറുന്ന ജനങ്ങളുമായി സംവദിക്കുന്ന സാംസ്ക്കാരിക യാത്ര 14ന് കാസര്‍ഗോട്ട് സമാപിക്കും. സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രതിഭകള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. സംസ്ഥാനത്തുടനീളം 100 സാംസ്ക്കാരിക പ്രതിരോധ സദസുകള്‍ സംഘടിപ്പിക്കും. കേരളത്തിന് നാശംവിതക്കുന്ന കെ റെയിലിനെതിരെ 10,000 സാസ്ക്കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട സാംസ്ക്കാരിക പ്രതിഷേധ പത്രിക രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]