സംവരണ അട്ടിമറി: സമസ്ത മുഖ്യമന്ത്രിയെ കാണും

സംവരണ അട്ടിമറി:  സമസ്ത മുഖ്യമന്ത്രിയെ കാണും

മലപ്പുറം: പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണ വിഷയത്തില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. പ്രക്ഷോപങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ഇരുമുന്നണിയിലേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും നേരില്‍ കാണും.പിന്നോക്ക സമുദായങ്ങളുമായി ചേര്‍ന്നു യോജിച്ച പ്രക്ഷോപങ്ങള്‍ക്ക് ശക്തിപകരും. ഇക്കാര്യത്തില്‍ നിയമനടപടികള്‍ക്ക് രൂപം നല്‍കും. ഇതിനു മുന്നോടിയായി നിയമവിദഗ്ദ്ധരുമായി കൂടിയാലോചന നടത്തുന്നതുള്‍പ്പടെ തുടര്‍ പരിപാടികള്‍ക്ക് ഇന്നലെ മലപ്പുറം സുന്നീ മഹലില്‍ ചേര്‍ന്ന സമിതി ചര്‍ച്ചാ സംഗമം പദ്ധതി ആവിഷ്‌കരിച്ചു.പ്രക്ഷോപ സമിതി ചര്‍ച്ചാ സംഗമത്തില്‍ ചെയര്‍മാന്‍ ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ അധ്യക്ഷനായി.സംവരണ സമുദായ മുന്നണി സംസ്ഥാന ചെയര്‍മാന്‍ കെ.കുട്ടി അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.അബ്ദുസമദ് പൂക്കോട്ടൂര്‍,പുത്തനഴി മൊയ്തീന്‍ ഫൈസി,നാസര്‍ ഫൈസി കൂടത്തായി,അഡ്വ.ത്വയ്യിബ് ഹുദവി ചര്‍ച്ചയില്‍ പങ്കെടുത്തു.കണ്‍വീനര്‍ മുസ്തഫാ മുണ്ടുപാറ സ്വാഗതം പറഞ്ഞു.

മുന്നാക്ക സംവരണം: സര്‍ക്കാര്‍ നിലപാട്
തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭം- എസ് വൈ എസ്

മലപ്പുറം : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണം അടിസ്ഥാന സംവരണ തത്വങ്ങള്‍ അട്ടിമറിക്കുന്നതാണെന്നും ഈ നീക്കത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സമാനചിന്താഗതിക്കാരുമായി സഹകരിച്ചു ശക്തമായ സമര പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും എസ് വൈ എസ് സംസ്ഥാന ക്യാബിനറ്റ് പ്രഖ്യാപിച്ചു. സാമ്പത്തിക അവശതയുടെ പേരില്‍ മുന്നാക്ക വിഭാഗത്തിന് 10% സംവരണമാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. മുന്നാക്ക വിഭാഗത്തിന് സംവരണം ചെയ്ത 50% ല്‍ നിന്നും മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് 10% സംവരണം ചെയ്യുന്നതിന് പകരം ആകെയുള്ളതിന്റെ 10% ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് സംവരണ വിഭാഗങ്ങളായ സമുദായങ്ങളുടെ അവസരം നഷ്ടപ്പെടുത്താന്‍ കാരണമാകും. സര്‍ക്കാര്‍ നിയമനങ്ങളിലും, വിദ്യാഭ്യാസ മേഖലയിലും പുതിയ രീതി നടപ്പിലാക്കുന്നത് സംവരണ സമുദായങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളുടെ ലംഘനമാണ്. ഇത് കടുത്ത അനീതിയും അവസര തുല്യതയുടെ നിഷേധവുമാണ്. ഇതിന്റെ പിന്നിലുള്ള ഉദ്യോഗസ്ഥ ഗൂഢാലോചന പുറത്തു കൊണ്ടുവരണം. ഹയര്‍ സെക്കന്ററി, എം ബി ബി എസ്, മെഡിക്കല്‍ പി ജി എന്നീ കോഴ്സുകളിലേക്ക് പ്രവേശനത്തിന് പുതുതായി തയ്യാറാക്കിയ സംവരണപട്ടിക അര്‍ഹര്‍ പിന്തള്ളപ്പെടാനും, പിന്നാക്ക പവിഭാഗത്തില്‍പെട്ടവര്‍ വീണ്ടും പിന്നാക്കമാവാനും കാരണമാകും സംഘടന കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.

Sharing is caring!