കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

കൊണ്ടോട്ടി സബ് റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു

കൊണ്ടോട്ടി: സബ് റീജിയനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ ഭേദമന്യേ സമഗ്രവും സന്തുലിതമായുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ജനങ്ങള്‍ക്ക് വിശ്വസനീയമായ കേന്ദ്രമായി ആര്‍.ടി.ഒ ഓഫീസുകള്‍ മാറണമെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഓഫീസിലേക്കുള്ള ആദ്യത്തെ താത്ക്കാലിക രജിസ്ട്രേഷന്‍ അപേക്ഷ മന്ത്രി ചടങ്ങില്‍ ഏറ്റുവാങ്ങി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തെ പതിമൂന്നാമത്തെ ആര്‍.ടി ഓഫീസാണ് കൊണ്ടോട്ടി താലൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ചത്. കൊണ്ടോട്ടിയിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. 4000 സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളൊടെ വളരെ വിശാലമായി ചിട്ടപ്പെടുത്തിയിട്ടുള്ള ഓഫീസില്‍ 34 ലക്ഷം രൂപ ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.

കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയിലാണ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മൊറയൂര്‍, നെടിയിരുപ്പ്, കൊണ്ടോട്ടി, പുളിക്കല്‍, പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, ചീക്കോട്, മുതുവല്ലൂര്‍, കുഴിമണ്ണ, അരീക്കോട്, വെറ്റിലപ്പാറ, കീഴുപറമ്പ്, ഊര്‍ങ്ങാട്ടിരി എന്നി വില്ലേജുകളാണ് കൊണ്ടോട്ടി സബ് ആര്‍. ടി. ഓഫീസിന് പരിധിയില്‍ വരുന്നത്. ഈ പ്രദേശങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തുടങ്ങി എല്ലാ സേവനങ്ങളും ഈ ഓഫീസിന് കീഴില്‍ വരും. ഒരു ജോയിന്റ് ആര്‍. ടി. ഓഫീസര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, രണ്ട് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു സൂപ്രണ്ട്, മൂന്നു ക്ലാര്‍ക്ക് തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എ.മാരായ പി. ഉബൈദുള്ള, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സി ഷീബ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം. ആര്‍. അജിത്കുമാര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എ.കെ ശശികുമാര്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!