മലപ്പുറം സോക്കര്‍ ക്ലബ് സ്ഥാപകനും പ്രമുഖ ഹോമിയോ ചികിത്സകനുമായ തോരപ്പ മുഹമ്മദ് എന്ന ബാപ്പു മരണപ്പെട്ടു

മലപ്പുറം സോക്കര്‍  ക്ലബ് സ്ഥാപകനും പ്രമുഖ ഹോമിയോ  ചികിത്സകനുമായ തോരപ്പ മുഹമ്മദ്  എന്ന ബാപ്പു  മരണപ്പെട്ടു

മലപ്പുറം: പ്രമുഖ ഹോമിയോ ചികിത്സകനും മലപ്പുറം സോക്കര്‍ ക്ലബ് സ്ഥാപകനുമായ വലിയങ്ങാടി സ്വദേശി തോരപ്പ മുഹമ്മദ് എന്ന ബാപ്പു (88) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയവെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം വൈകുന്നേരത്തോടെ വലിയങ്ങാടി വലിയ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെ പ്രഥമ സെക്രട്ടറിയുമായിരുന്നു.
1960 മുതല്‍ കോട്ടപ്പടിയില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവന്ന ബാപ്പുവിന്റെ ചികിത്സ ഏറെ പ്രശസ്തി നേടി. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്റെയും സോക്കര്‍ ക്ലബ്ബിന്റെയും സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ ഫുട്ബാള്‍ ടൂര്‍ണമെന്റുകളുടെ സംഘാടന നേതൃത്വം വഹിച്ചു. 2001ല്‍ ഫുട്ബാള്‍ സംഘാടകനെന്ന നിലയില്‍ ഫിഫയുടെ അംഗീകാരവും ലഭിച്ചു. പരേതരായ തോരപ്പ ഹൈദ്രസ് കുട്ടിഹാജിയും ആയിഷയുമാണ് മാതാപിതാക്കള്‍. പ്രമുഖ ഫുട്ബാള്‍ സംഘാടകനും മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോ സ്ഥാപകനുമായ സൂപ്പര്‍ അഷ്‌റഫ് ബാവ മകളുടെ ഭര്‍ത്താവാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: തസീഫ്, ആസിയ, ജാസ്മിന്‍. മറ്റു മരുമക്കള്‍: സുനീറ വലിയാട്, പരേതനായ മൂസ പുല്ലാര. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ പി. ഉബൈദുല്ല, ടി.വി ഇബ്രാഹിം തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Sharing is caring!