ഗവേഷകര്‍ അന്വേഷിക്കുന്ന ഭൂഗര്‍ഭ മത്സ്യത്തെ കോട്ടക്കലിലെ ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി

ഗവേഷകര്‍ അന്വേഷിക്കുന്ന  ഭൂഗര്‍ഭ മത്സ്യത്തെ കോട്ടക്കലിലെ  ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: ഗവേഷകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഭൂഗര്‍ഭ മത്സ്യത്തെ മലപ്പുറം കോട്ടക്കലിലെ ഇന്ത്യനൂരില്‍ നിന്ന് കണ്ടെത്തി. പശ്ചിമഘട്ട മലനിരകളിലെ ഭൂഗര്‍ഭ ഉറവകളില്‍ വസിക്കുന്ന പാന്‍ജിയോ ബുജിയ ഇനത്തില്‍പ്പെട്ട മത്സ്യത്തെ ആണ് കോട്ടക്കലില്‍ നിന്ന് കണ്ടെത്തിയത്. മത്സ്യങ്ങളിലെ അപൂര്‍വത അന്വേഷിക്കുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയായ പാടത്തും പിടിയന്‍ സഫ്വാനില്‍ നിന്നാണ് ഈ ഇനത്തില്‍പെട്ട നാല് മത്സ്യങ്ങളെ കണ്ടെത്തിയത്.

അരുവികളില്‍ നിന്ന് കൂട്ടുകാര്‍ പിടിച്ച മത്സ്യങ്ങളില്‍ നിന്നാണ് സഫ്വാന്‍ ഈ ഇനത്തില്‍പെട്ട മത്സ്യങ്ങളെ തിരിച്ചറിഞ്ഞത്.ഭൂഗര്‍ഭ ജലത്തില്‍ മാത്രം വസിക്കുന്ന ഇവ, ലോകത്ത് തന്നെ കുറഞ്ഞ പ്രദേശങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്.മത്സ്യങ്ങളുടെ അടയാളവും രൂപവും തിരിച്ചറിഞ്ഞ സഫ്വാന്‍ ഉടന്‍ തന്നെ കൊച്ചിയിലെ മത്സ്യഗവേഷണ കേന്ദ്രത്തില്‍ വിളിച്ചു പറയുകയായിരുന്നു. തുടര്‍ന്ന് മത്സ്യഗവേഷണ സംഘം കോട്ടക്കലില്‍ എത്തി. പരിശോധനക്ക് ശേഷം മത്സ്യങ്ങളെ കൊണ്ടുപോകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഈ ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു.

മൂന്നു സെന്റീമീറ്റര്‍ നീളമുള്ള ഈ മത്സ്യത്തിന് ബുജിയക്ക പാതാള പുതാരന്‍ എന്നാണ് ഗവേഷകര്‍ പേരിട്ടിരിക്കുന്നത്. മത്സ്യത്തിന്റെ വയറിന്റെ ഭാഗം ചുവന്ന വര്‍ണത്തിലാണ്. ശരീരം വളരെ സുതാര്യമാണ്. സാധാരണ ജലാശയമല്ല ഇവരുടെ വാസസ്ഥലമെന്ന് കൊച്ചിയില്‍ നിന്നെത്തിയ മത്സ്യഗവേഷണ യൂണിവേഴ്‌സിറ്റിയിലെ കെയുഎഫ്ഒഎസ് ഗവേഷകന്‍ സി പി അര്‍ജുന്‍ പറഞ്ഞു. ഈ മത്സ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ശരീരത്തിനകത്തെ ഭാഗങ്ങള്‍ കണ്ണാടി പ്രതലം പോലെ പുറത്ത് കാണാന്‍ കഴിയുമെന്നതാണ്. 10 മുട്ടകള്‍ മാത്രമാണ് ഈ ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ഇടാറുള്ളത്. മറ്റു മത്സ്യങ്ങള്‍ ഇടുന്ന മുട്ടയേക്കാള്‍ വ്യത്യാസവും ഈ മത്സ്യങ്ങളുടെ മുട്ടയ്ക്കുണ്ട്. അപൂര്‍വങ്ങളില്‍ അപൂര്‍വമായി ഭൂമിക്ക് മുകളില്‍ എത്തുന്ന ഇവയെ ഗവേഷകര്‍ അന്വേഷിച്ചുവരികയാണ്. ഇന്ത്യനൂരില്‍ നിന്ന് ഇവയെ കണ്ടെത്തിയതോടെ പഠനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.

Sharing is caring!