മങ്കട ആസ്പത്രിയിലെ കോവിഡ് പരിശോധന; കൂടുതല്‍ സൗകര്യമൊരുക്കും വളണ്ടിയര്‍മാരെ നിയമിക്കാന്‍ തീരുമാനം

മങ്കട ആസ്പത്രിയിലെ  കോവിഡ് പരിശോധന;  കൂടുതല്‍ സൗകര്യമൊരുക്കും വളണ്ടിയര്‍മാരെ  നിയമിക്കാന്‍ തീരുമാനം

മങ്കട: മങ്കട ഗവ.ആസ്പത്രിയിലെ കോവിഡ് 19 പരിശോധന സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനം. പരിശോധന കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഇരിക്കാനും മറ്റും സൗകര്യം വര്‍ദ്ധിപ്പിക്കും. വാഹനത്തിരക്ക് ഒഴിവാക്കുന്നതിന് ആസ്പത്രിക്ക് സമീപം പാര്‍ക്കിംഗ് സൗകര്യം ഒരുക്കാന്‍ ഭൂ ഉടമകളുമായി ബന്ധപ്പെടുന്നതിനും യോഗത്തില്‍ ധാരണയായി. അതേസമയം ആസ്പത്രിയില്‍ സാധാരണ ചികിത്സക്ക് മുടക്കമുണ്ടാവില്ല. ചികിത്സ തേടിയെത്തുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാനിടയില്ല. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആസ്പത്രിയിലെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് ആസ്പത്രി പരിസരത്ത് മൈക്കിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ആസ്പത്രിയിലെത്തുന്ന രോഗികള്‍ക്കും, കോവിഡ് പരിശോധനക്കെത്തുന്നവര്‍ക്കും സഹായമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ വളണ്ടിയര്‍മാരെ ലഭ്യമാക്കുന്നതിനും ആസ്പത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഹീദ എലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദുള്ള മണിമ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഷാലി സേവ്യര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.കെ.അസ്‌കര്‍. ഡോ.ഷംസുദ്ദീന്‍, ടി.അബ്ദുല്‍ കരീം, ഹരിദാസന്‍, മാമ്പള്ളി ഫൈസല്‍, സൈഫുള്ള കറുമൂക്കില്‍, പി.ശിവദാസന്‍, നിയാസ്, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!