യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ എം.എം ഹസന്‍ പാണക്കാട്ടെത്തി

യുഡിഎഫ് കണ്‍വീനറായി  ചുമതലയേറ്റ  എം.എം ഹസന്‍  പാണക്കാട്ടെത്തി

മലപ്പുറം: യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ എം എം ഹസന്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. വരുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും യുഡിഎഫിന്റെ ഭാവി പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി എം എം ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് രാവിലെയാണ് എം എം ഹസന്‍ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടി എംപിയുമായി കൂടിക്കാഴ്ച നടത്തിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ പി എ മജീദ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയത് അല്ല. അവര്‍ പുറത്ത് പോയതാണ്. എല്‍ഡിഎഫില്‍ അധികകാലം ജോസ് കെ മാണിക്ക് തുടരാനാകില്ല. യുഡിഎഫിനു നിലവില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും എല്‍ഡിഎഫിനും സര്‍ക്കാരിനുമാണ് പ്രതിസന്ധിയുള്ളതെന്നും എം എം ഹസന്‍ പറഞ്ഞു. വളരെ ഫലപ്രദമായ ചര്‍ച്ചയാണ് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയതെന്നും യുഡിഎഫിന്റെ രക്ഷാധികാരിയാണ് അദ്ദേഹമെന്നും എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളില്‍ യുഡിഎഫ് ഒരു കൊടുങ്കാറ്റായി ആഞ്ഞുവീശുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അടുത്തവര്‍ഷം കേരളത്തില്‍ അധികാരത്തിലെത്തും. അതിനുവേണ്ട നടപടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing is caring!