പരിസ്ഥിതി അടിസ്ഥാനമാക്കിയ ദേശീയ വെബിനാറിൽ സംസ്ഥാനത്ത് നിന്ന് ഏക നഗരസഭയായി പൊന്നാനി

പരിസ്ഥിതി അടിസ്ഥാനമാക്കിയ ദേശീയ വെബിനാറിൽ സംസ്ഥാനത്ത് നിന്ന് ഏക നഗരസഭയായി പൊന്നാനി

പൊന്നാനി: പരിസ്ഥിതി പുനസ്ഥാപന പ്രക്രിയയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വിഷയമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാറില്‍ പൊന്നാനി നഗരസഭയും. സംസ്ഥാനത്ത് നിന്ന് വെബിനാറില്‍ പങ്കെടുക്കുന്ന ഏക നഗരസഭയാണ് പൊന്നാനി. ഇന്ന് ( ഒക്‌ടോബര്‍ 17) ഉച്ചയ്ക്ക് രണ്ടര മുതല്‍ നാല് വരെയാണ് വെബിനാര്‍ നടക്കുക. സുസ്ഥിര വികസന മാതൃകകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില), ഹരിതകേരളം മിഷനും ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷനും (ഗിഫ്റ്റ്) സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വെബിനാര്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി.
പരിസ്ഥിതി ശാസ്ത്രജ്ഞനും കോഴിക്കോട് സര്‍വകലാശാല മുന്‍ പ്രോ വൈസ്ചാന്‍സലറുമായ പ്രൊഫ. എം.കെ. പ്രസാദ് വെബിനാര്‍ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര് മുന്‍ ഫിനാന്‍സ് കമീഷന്‍ ചെയര്‍മാനും മഹാരാഷ്ട്രയിലെ ബാംബു ഫൗണ്ടേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വി. ഗിരിരാജ് (ഐ.എ.എസ്. റിട്ട.), തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ബോട്ടണി വിഭാഗം മുന്‍ മേധാവി പ്രൊഫ. ഇ. കുഞ്ഞിക്കൃഷ്ണന്‍, കോട്ടയം മണര്‍കാട് സെന്റ് മേരീസ് കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പുന്നന്‍ കുര്യന്‍ എന്നിവര്‍ പാനല്‍ അംഗങ്ങളാകും. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ, കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍, ഗിഫ്റ്റ് ഡയറക്ടര്‍ ഡോ. കെ.ജെ. ജോസഫ് എന്നിവര്‍ പങ്കെടുക്കും.

കേരളത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ ആവിഷ്‌കരിച്ച അതിജീവനത്തിനായി ജൈവവൈവിധ്യത്തിന്റെ പച്ചത്തുരുത്ത് പോലെയുള്ള പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പാക്കുകയും മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാനാവും വിധം വിജയമാതൃകകളാവുകയും ചെയ്ത തദ്ദേശ സ്ഥാപനങ്ങളുടെ അവതരണമാണ് വെബിനാറിലെ പ്രധാന ഇനം.

പൊന്നാനിക്ക് പുറമെ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍, വയനാട് ജില്ലയിലെ മീനങ്ങാടി, കണ്ണൂരിലെ ഉദയഗിരി, ഇടുക്കിയിലെ വെള്ളിയാമറ്റം, കോട്ടയത്തെ കുമരകം, തിരുവനന്തപുരത്തെ പോത്തന്‍കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളാണ് അതത് സ്ഥാപന അധ്യക്ഷര്‍ അവതരിപ്പിക്കുന്നത്.

ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് facebook.com/harithakeralamission, യൂട്യൂബ് ചാനല്‍ youtube.com/harithakeralammission, കിലയുടെ ഫേസ്ബുക്ക് facebook.com/kilatcr, യുട്യൂബ് ചാനല്‍ youtube.com/kilatcr, ഗിഫ്റ്റിന്റെ ഫേസ്ബുക്ക് facebook.com/Gulatigift, യുട്യൂബ് ചാനല്‍ youtube.com/GIFTkerala എന്നിവയിലൂടെ വെബിനാര്‍ കാണാനാവും.

Sharing is caring!