ഗ്രാമീണ വികസനത്തിന് വഴിതുറന്ന് പാണായി-പെരിമ്പലം-ആനക്കയം റോഡ് നാടിന് സമര്‍പ്പിച്ചു
മലപ്പുറം: യാത്രാ സൗകര്യങ്ങള്‍ കുറവായിരുന്ന പെരിമ്പലത്തിന് ആശ്വാസമായി പൊതുമരാമത്ത് വകുപ്പ് ആധുനിക രീതിയില്‍ നവീകരിച്ച പാണായി – പെരിമ്പലം – ആനക്കയം റോഡ് നാടിന് സമര്‍പ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് വീഡിയോ കോണ്‍ഫറന്‍സിലൂടെ റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗതാഗത സൗകര്യങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ വിപുലമാക്കി ഗ്രാമീണ വികസനം സാധ്യമാക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് നടപ്പാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പെരിമ്പലം ഗ്രാമത്തെ ആനക്കയം – പെരിന്തല്‍മണ്ണ പാതയുമായും മലപ്പുറം – മഞ്ചേരി പാതയുമായും ബന്ധിപ്പിക്കുന്നതിലൂടെ മേഖലയിലെ പൊതുജനങ്ങളും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ള പൊതു സമൂഹം അനുഭവിച്ചുവന്നിരുന്ന യാത്രാ ക്ലേശം പരിഹരിച്ചിരിക്കുകയാണ്. പ്രാദേശികമായുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ ജനപ്രതിനിധികളും തദ്ദേശ ഭരണകൂടങ്ങളും നാട്ടുകാരും നല്‍കിവരുന്ന പിന്തുണ മാതൃകാപരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി 4.8 കോടി രൂപ ചെലവില്‍ 4.5 കിലോമീറ്റര്‍ നീളത്തില്‍ 5.5 മീറ്റര്‍ വീതിയിലാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്. പ്രളയക്കെടുതികള്‍ മുന്‍നിര്‍ത്തി ശാസ്ത്രീയമായി റബ്ബറൈസ് ചെയ്ത് നവീകരിച്ച പാതയില്‍ എട്ട് ഓവുപാലങ്ങളും പാതക്കായി സ്ഥലം ഏറ്റെടുത്ത ഭാഗങ്ങളില്‍ സംരക്ഷണ ഭിത്തികളും നിര്‍മിച്ചിട്ടുണ്ട്.
പെരിമ്പലത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. പദ്ധതി ഉദ്ഘാടന ശിലാഫലകവും എം.എല്‍.എ അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലീന ടീച്ചര്‍, ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സുനീറ, വൈസ് പ്രസിഡന്റ് സി.കെ. ഷിഹാബ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.ടി. ആലി, ടി. സഫൂറ, ടി.എം. സലീന ബഷീര്‍, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി. വിശ്വ പ്രകാശ്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.പി.എം മുഹമ്മദ് അഷ്റഫ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സി. വിനുകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. സുന്ദരരാജന്, കെ.എം. മുജീബ് റഹ്മാന്, കെ.എം. മുഹമ്മദലി, ടി.പി. സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]