മലപ്പുറത്തെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന ചിത്രം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍

മലപ്പുറത്തെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്ന ചിത്രം അന്താരാഷ്ട്ര ക്രിക്കറ്റ്  കൗണ്‍സിലിന്റെ ഔദ്യോഗിക  ഫേസ്ബുക്ക് പേജില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മഴയത്ത് ക്രിക്കറ്റ് കളിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ചിത്രം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. നിലമ്പൂര്‍ കരുളായി ചെറുപുഴ പള്ളിക്ക് സമീപമുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരുടെ ചിത്രമാണ് ഐസിസി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

മഴയത്ത് വെള്ളം കെട്ടി നില്‍ക്കുന്ന മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നവരുടെ ഫോട്ടോ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അവരുടെ ഔദ്യോഗിക ഫെയ്‌സബുക്ക് പേജില്‍ പങ്കുവെച്ചതോടെ ചിത്രവും ചിത്രത്തിന്റെ അടിക്കുറിപ്പും ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

നനഞ്ഞ പന്തില്‍ പരിശീലനം നടത്തുന്നത് മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു എന്നായിരുന്നു ഐസിസി ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. നിലമ്പൂരിലെ കോളേജ് അദ്ധ്യാപകനായ ജസ്റ്റിന്‍ ലൂക്കോസാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

ചിത്രത്തിന് താഴെ നിലമ്പൂരിന്റെ പ്രകൃതി ഭംഗിയെ കുറിച്ചും കേരളത്തിന്റെ ക്രിക്കറ്റ് പ്രേമത്തെ കുറിച്ചും കമന്റുകളുമായി നിരവധി മലയാളികളും ഇതിനോടകം എത്തിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് 144 നിലനില്‍ക്കുന്ന സമയത്ത് ആരാണ് ക്രിക്കറ്റ് കളിക്കുന്നത് എന്നും ചിലര്‍ തമാശയോടെ ചോദിക്കുന്നു. ഏതായാലും തേക്ക് മരങ്ങള്‍ക്ക് നടുവിലെ മൈതാനത്ത് മഴയത്തുള്ള ക്രിക്കറ്റ് കളി ഇതിനോടകം ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.

Sharing is caring!