അവസാനം കളിച്ചത് മലപ്പുറത്ത്, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

അവസാനം കളിച്ചത് മലപ്പുറത്ത്,  മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍  ടീം ക്യാപ്റ്റന്‍  കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാള്‍ട്ടന്‍ ചാപ്മാന്‍. ഇന്ത്യന്‍ ടീം ക്യാപ്റ്റനായിരുന്ന കാള്‍ട്ടന്‍ 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്.ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 90-കളില്‍ ദേശിയ ടീമില്‍ സ്ഥിരാംഗമായി. കളിക്കളം വിട്ട ശേഷം പരിശീലകനായും കാള്‍ട്ടന്‍ ചാപ്മാന്‍ പ്രവര്‍ത്തിച്ചു.
ചാപ്മാന്റെ അവസാന മത്സരം നടന്നത് മലപ്പുറത്താണ്. ഇതുസംബന്ധിച്ച് സ്‌പോര്‍ട്‌സ് ലേഖകന്‍ കെ.പി.എം റിയാസ് പറയുന്നത് ഇങ്ങിനെയാണ്: കോവിഡ് ലോക്ക്ഡൗണിന് ഏതാനും ദിവസം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് അഞ്ചിന് ചേലേമ്പ്ര എന്‍.എന്‍.എം എച്ച്.എസ് സ്‌കൂള്‍ മൈതാനത്തെ ഫ്‌ലഡ്‌ലിറ്റ് ഉദ്ഘാടനം നടന്ന രാത്രി. സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ മലപ്പുറത്ത് നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെ നേരിടാനിറങ്ങിയത് ഒരുകാലത്തെ ദേശീയ, അന്താര്‍ദേശീയ താരങ്ങള്‍. കാള്‍ട്ടന്‍ ചാപ്മാനായിരുന്നു നായകന്‍. 1990കളിലെ യുവതാരത്തി?െന്റ ചുറുചുറുക്കോടെ കളംനിറഞ്ഞ് കളിച്ച ചാപ്മാന്റെ അവസാന മത്സരമായിരുന്നു അത്. സ്റ്റാര്‍ ടീമിന് വിജയവും സമ്മാനിച്ച് മായാത്ത ചിരിയോടെ അദ്ദേഹം യാത്രപറഞ്ഞുപോയതാണ്.
കഴിഞ്ഞ രണ്ട് വര്‍ഷം എന്‍.എന്‍.എം എച്ച്.എസ് സ്‌കൂള്‍ ടീമിന്റെ പരിശീലകവേഷത്തിലുണ്ടായിരുന്നു ചാപ്മാന്‍. പുത്തന്‍ ശൈലി കൊണ്ടുവന്ന അദ്ദേഹം കുട്ടികളുടെ ഉറ്റചങ്ങാതിയായി. രണ്ടു വര്‍ഷവും സുബ്രതോ കപ്പ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചേലേമ്പ്ര ടീമിന് ചാപ്മാന്റെ സാന്നിധ്യം വലിയ ഊര്‍ജമായിരുന്നു. ചാപ്മാന് കീഴില്‍ സുബ്രതോ കപ്പ് ടൂര്‍ണമെന്റില്‍ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരവും ഇവര്‍ക്ക് ലഭിച്ചു.കായികാധ്യാപകന്‍ കെ. മന്‍സൂര്‍ അലിയുമായുള്ള സൗഹൃദമാണ് അദ്ദേഹത്തെ ചേലേമ്പ്രയിലെത്തിച്ചത്. മലപ്പുറത്തെ വിവിധ മൈതാനങ്ങളില്‍ പന്ത് തട്ടിയ ചാപ്മാന്‍ യാത്രയാവുമ്പോള്‍ കൂട്ടത്തിലൊരാളെ നഷ്ടപ്പെട്ട വേദനയിലാണ് ഫുട്ബാള്‍ താരങ്ങളും ആരാധകരും.

Sharing is caring!