മുസ്ലിംലീഗ് മലപ്പുറംജില്ലാ കമ്മിറ്റി വാഗ്ദാനം ചെയ്ത 10കോടിയുടെ സഹായത്തെ ചൊല്ലി കലഹം

മുസ്ലിംലീഗ് മലപ്പുറംജില്ലാ കമ്മിറ്റി  വാഗ്ദാനം ചെയ്ത 10കോടിയുടെ  സഹായത്തെ ചൊല്ലി കലഹം

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ച് മലപ്പുറം കലക്ടര്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ 10കോടി രൂപ പിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച മുസ്ലിംലീഗ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നും വ്യാപക പ്രതിഷേധം. പാര്‍ട്ടി വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഇന്നലെ മുതല്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടു മെസ്സേജുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇതുസംബന്ധിച്ച് ‘സി.എച്ചിന്റെ രാഷ്ട്രീയം മറന്ന മുസ്ലിംലീഗ് നേതാക്കള്‍ക്ക് ഒരു തുറന്ന കത്ത്” എന്ന പേരില്‍ ഒരു പ്രവര്‍ത്തകന്‍ എഴുതിയ കത്ത് പാര്‍ട്ടി ഗ്രൂപ്പുകളില്‍ വൈറലായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ ”മറ്റുള്ളവര്‍ മൂച്ചിമ്മല്‍ കയറ്റുമ്പോള്‍ ഓടിക്കയറാന്‍ കാത്തുനില്‍ക്കുന്ന” ബഹുമാനപ്പെട്ട നേതൃത്വം കാര്യമായ ചര്‍ച്ചപോലും ചെയ്യാതെ വെറും ആവേശക്കമ്മിറ്റിക്കാര്‍ ആവുന്നത് അപകടമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഫണ്ട് അര്‍ഹമായത് സമുദായത്തിനു വാങ്ങിച്ചു കൊടുക്കേണ്ട ജനപ്രതിനിധികള്‍ സമുദായത്തിന്റെ ഫണ്ട് സര്‍ക്കാറിനെ ഏല്‍പിക്കുന്നുവെന്നും, ചാരിറ്റിക്ക് എന്തിനാണ് ഇത്ര ഊന്നല്‍ നല്‍കുന്നതെന്നും ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലേയെന്നുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഇത്തരത്തില്‍ പാര്‍ട്ടി ഗ്രൂപ്പുകളില്‍ നടന്ന വിവിധ ചര്‍ച്ചകളുടെ വിവരണങ്ങള്‍ മറുനാടന്‍ മലയാളിക്ക് ലഭിച്ചു.
നേതൃത്വത്തിനെ വിമര്‍ശിച്ചു വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകര്‍ അയിച്ച മെസ്സേജുകളില്‍ ചില താഴെ:

സി.എച്ചിന്റെ രാഷ്ട്രീയം മറന്ന മുസ്ലിംലീഗ് നേതാക്കള്‍ക്ക് ഒരു തുറന്ന കത്ത്

നേതാക്കള്‍ക്കിടയില്‍ ആവേശക്കമ്മിറ്റിയായി നടക്കുന്ന ചിലരില്‍ ഒരുത്തന്‍ ബ്യൂറോക്രാറ്റുകളുമായുണ്ടാക്കിയ സൗഹൃദബന്ധം പുതുക്കുന്ന സംഭാഷണമധ്യേ ഉണ്ടായ ആശയ പ്രകാരം ജില്ലാകലക്ടര്‍ പാണക്കാട്ടേക്ക് വരികയും മുസ്ലിംലീഗ് പോലെ 100% രാഷ്ട്രീയ പാര്‍ട്ടിയായ ഒരു സംഘടനയുടെ നേതാക്കളെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അതിന് വഴിപ്പെടുന്ന രാഷ്ട്രീയം അങ്ങാടി മരുന്നോ പച്ച മരുന്നോ എന്ന് തിരിറിയാത്ത (തനി ഏറനാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ മൂച്ചിമ്മല്‍ കയറ്റുമ്പോള്‍ ഓടിക്കയറാന്‍ കാത്തുനില്‍ക്കുന്ന) ബഹുമാനപ്പെട്ട നേതൃത്വം കാര്യമായ ചര്‍ച്ചപോലും ചെയ്യാതെ വെറും ആവേശക്കമ്മിറ്റിക്കാര്‍ ആവുന്നത് അപകടമാണ്.
മഞ്ചേരി ഗവണ്‍മെന്റ് ആശുപത്രിക്ക് വേണ്ടി ഫണ്ട് പിരിച്ച് കെട്ടിടം ഉണ്ടാക്കിക്കൊടുത്തും ഉപകരണങ്ങള്‍ വാങ്ങി കൊടുത്തും മുസ്ലിംലീഗ് ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വഴി ഫണ്ട് നല്‍കി, അറബിക് കോളേജുകളില്‍ നിന്ന് പോലും പിരിവ് നടത്തി കെട്ടിടം ഉണ്ടാക്കിയിട്ട് അത് മെഡിക്കല്‍ കോളേജായി മാറിയപ്പോള്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റില്‍ ആരോഗ്യമന്ത്രിയായ ശ്രീമതി ടീച്ചര്‍ നാമകരണം ചെയ്ത ജനറല്‍ ആശുപത്രിയുടെ ‘ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍’ എന്ന പേര് പോലും നിലനിര്‍ത്താന്‍ കഴിയാതെ ഇളിഭ്യരായി നില്‍ക്കേണ്ടി വന്നവരാണ് നമ്മള്‍.
കേരള രാഷ്ട്രീയത്തിന്റെ മുമ്പിലും പൊതുസമൂഹത്തിന്റെ മുമ്പിലും പരിഹാസ്യ കഥാപാത്രങ്ങളാകാതിരിക്കാനും രാഷ്ട്രീയം എന്നത് ചാരിറ്റി പ്രവര്‍ത്തനം മാത്രമല്ലെന്നും ചാരിറ്റി രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും പ്രിയപ്പെട്ട നേതാക്കന്മാര്‍ ഇനിയെങ്കിലും മറക്കാതിരിക്കുക.
ഇല്ലെങ്കില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന മുസ്ലിംലീഗിന്റെ അസ്ഥിത്വം നഷ്ടപ്പെടുകയും പാര്‍ട്ടി ഒരു സാധു സംരക്ഷണ സമിതിയായി മാറുകയും ചെയ്യുന്ന കാലം അതിവിദൂരമല്ല എന്ന് പല പ്രവര്‍ത്തകരെ പോലെ ഞാനും ഭയപ്പെടുകയാണ്.
ഏതു പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്ന പ്രവര്‍ത്തകരെ വേദനിപ്പിച്ച് ഏതാനും നേതാക്കന്മാര്‍ക്ക് ബ്യൂറോക്രാറ്റുകള്‍ക്കിടയില്‍ നല്ലപിള്ള ചമയാനുള്ള പാഴ്ശ്രമം ഭാവിയില്‍ നഷ്ടക്കച്ചവടമായിരിക്കുമെന്ന് ഓര്‍ക്കുന്നത് നന്ന്.

മറ്റു പ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ചു ഗ്രൂപ്പുകളില്‍ അയച്ച മെസ്സേുകള്‍ താഴെ….

” സര്‍ക്കാര്‍ ഫണ്ട് അര്‍ഹമായത് സമുദായത്തിനു വാങ്ങിച്ചു കൊടുക്കേണ്ട ജനപ്രതിനിധികള്‍ സമുദായത്തിന്റെ ഫണ്ട് സര്‍ക്കാറിനെ ഏല്‍പിക്കുന്നു”

”എന്തിനീ ചാരിറ്റിക്ക് ഇത്ര ഊന്നല്‍ നല്‍കുന്നു? ഇതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ലേ? പാര്‍ട്ടിയുടെ രാഷ്ട്രീയ മുന്നേറ്റം അടിസ്ഥാനപരമായ ലക്ഷ്യം അല്ലേ?”

”ദേശീയ അടിസ്ഥാനത്തില്‍ നോക്കിയാലും കേരളത്തില്‍ നോക്കിയാലും പാര്‍ട്ടി ഉന്നം വെക്കുന്നത് ചാരിറ്റി മാത്രം. സൈഡ് ആയി കാണേണ്ട ഒരു പ്രവര്‍ത്തനം ഇന്ന് ലക്ഷ്യമായി മാറിയിരിക്കുന്നു. ഫണ്ടുകളും അസ്തികളും ഉപയോഗിക്കപെടേണ്ടത് പാര്‍ട്ടിയുടെ രാഷ്ട്രീയ പുരോഗതിക്കാണ്. ലീഗിനെക്കാള്‍ സാമ്പത്തിക ഭദ്രതയുള്ള പാര്‍ട്ടികള്‍ കേരളത്തില്‍ ഇല്ലേ. ആരുടെ അടുത്തങ്കിലും കളക്ടര്‍മാര്‍ സന്ദര്‍ശിചോ? ആരെങ്കിലും കോടികള്‍ വാഗ്ദാനം ചെയ്‌തോ?”

”സി.പിമ്മിന്റെ ന്റെ തട്ടകമായ കണ്ണൂരില്‍ നിന്ന് കോടികള്‍ വന്നോ?”
”പാര്‍ട്ടി ഓഫീസില്‍ കളക്ടര്‍ സന്ദര്‍ശിചോ?”

”ഫിറോസ് കുന്നുംപറമ്പിലിനെ മുസ്ലിം ലീഗ് പ്രസിഡന്റ് ആക്കിയാല്‍ കുറച്ചൂടെ സ്പീഡില്‍ പ്രവാസികളില്‍ നിന്ന് കാശ് പിരിവ് നടത്തി മലപ്പുറം ജില്ലയില്‍ റോഡും പാലവും ആശുപത്രിയും ഒക്കെ ഉണ്ടാക്കാം.
സര്‍ക്കാര്‍ നികുതിപ്പണം തെക്കന്‍ ജില്ലകളില്‍ റോഡും ആശുപത്രിയും ഒക്കെ ഉണ്ടാക്കാന്‍ ഉപയോഗിക്കാം.”

”ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് ലീഗിന്റെ സംഭാവന എന്താണ് എന്ന് ചോദിച്ചാല്‍ ലീഗ് അണികളും നേതാക്കളും ഒരുമിച്ചു പറയുന്നത് ‘പ്രവാസികളില്‍ നിന്ന് പിരിവെടുത്ത് നടത്തിയ ചാരിറ്റിയും വികസനങ്ങളും’ ആയിരിക്കും. ഇത് തന്നെയാണ് ഫിറോസ് കുന്നുംപറമ്പില്‍ ചെയ്യുന്നത്.
മലപ്പുറം ജില്ലയോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തില്‍ മുസ്ലിം ലീഗിന്റെ പ്രവാസികളില്‍ നിന്ന് പിരിവെടുത്ത് വികസനം നടത്തി ആളാകാണുള്ള ശ്രമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
മലപ്പുറം ജില്ലയില്‍ +1 വിദ്യാര്‍ത്ഥി കള്‍ക്ക് സീറ്റ് ഇല്ലാത്തതും ഇവിടെ കൂട്ടിവായിക്കുക.”

”കുഞ്ഞാലിക്കുട്ടി ക്ക് നിയമസഭ യില്‍ മത്സരിക്കാണാനാണെങ്കില്‍ സ്വന്തം പൈസ ചിലവാക്കട്ടെ. നാടിന്റെ വികസനത്തിനുള്ള പണം സിപിഎമ്മിനും സ്വര്‍ണ, കള്ളക്കടത്ത് സര്‍ക്കാരിനും ധര്‍മ്മം നല്‍കി ആളാവേണ്ട”

”ആ കുഞ്ഞാപ്പു എം.എസ്.എഫുകാരന് ദേശീയ പ്രസിഡന്റ് ആവാന്‍ ഉള്ള ഓരോ നോള കളികളാണ്. അതില്‍ നേതാക്കള്‍ വീണു പോകരുത്. നാട്ടില്‍ ഉണ്ടായിട്ടും മജീദ് സാഹിബ് എന്തേ ഇതിന്റെ ആലോചന യോഗത്തിലും പത്ര സമ്മേളനത്തിലും പങ്കെടുക്കാഞ്ഞത്. ഈ അവിവേകത്തിനു കൂട്ടു നില്‍ക്കാന്‍ കിട്ടില്ല”അതു തന്നെ

നല്‍കുന്നത് 10 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍

മലപ്പുറം കലക്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മുസ്ലിം ലീഗ് 10 കോടിയുടെ ഉപകരണങ്ങള്‍ നല്‍കുമെന്ന് വ്യാഴാഴ്ച്ചയാണ് ലീഗ് നേതൃത്വം അറിയിച്ചത്. കോവിഡ് ചികിത്സാ കേന്ദങ്ങളിലേക്ക് 10 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ സമാഹരിച്ച് നല്‍കന്‍ ഇന്നലെ ചേര്‍ന്ന അടിയന്തരി യോഗം തീരുമാനിച്ചത്. ആദ്യസഹായം അടുത്ത ദിവസം തന്നെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി , ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അഡ്വ. എം. ഉമര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ നടപടികള്‍ വേഗത്തിലാക്കുകയും ജില്ലയിലെ പാര്‍ട്ടിയുടെ എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികള്‍, സഹകരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ചേരുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിര നടപടിയുണ്ടായത്.
ജില്ലയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തന്നെ മുസ്ലിംലീഗ് എം.പിമാരും, എം.എല്‍.എമാരും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഭരണം തുടരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അവര്‍ക്ക് ലഭിക്കുന്ന വികസന ഫണ്ടില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പിലൂടെയും വലിയ സഹായങ്ങള്‍ ഇതിനകം തന്നെ നല്‍കിയിരുന്നു. എം.പിമാരും എം.എല്‍.എമാരും മാത്രം ചികിത്സാസൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി 5.07 കോടിരൂപ നല്‍കുകയുണ്ടായി. ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം.
നിലവിലുള്ള സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് 10 കോടിയോളം രൂപയുടെ ഉപകരണങ്ങള്‍ ആശുപത്രികളിലേക്കും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേക്കും വാങ്ങി നല്‍കുന്നതിനു വേണ്ടി ‘അതിജീവനം- കോവിഡ് മോചനത്തിന്, മുസ്ലിംലീഗ് കൈത്താങ്ങ്’ എന്ന പേരില്‍ കാമ്പയില്‍ സംഘടിപ്പിക്കും. എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, അവരുടെ വ്യക്തിബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടുള്ള സ്പോണ്‍സറിങ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട്, സര്‍വീസ് സഹകരണ ബാങ്കുകളുടെ പൊതുനന്മ ഫണ്ട്, ഇത്തരം കാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന സഹകരണ ബാങ്കുകളുടെ മറ്റ് ഫണ്ടുകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും അധ്യക്ഷന്മാര്‍ അവരുടെ വ്യക്തിബന്ധങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുന്ന സ്പോണ്‍സറിങ്, കെഎംസിസി അടക്കമുള്ള മുസ്ലിംലീഗിന്റെ പോഷക സംഘടനകളുടെ സ്പോണ്‍സറിംഗ് എന്നിങ്ങനെയാണ് വിവിധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുന്നത്. ഈ രീതിയില്‍ കോവിഡ് ചികിത്സക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാറില്‍നിന്ന് ചില പ്രത്യേക ഉത്തരവുകളും അനുമതികളും ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

Sharing is caring!