മലപ്പുറം രാമപുരത്തെ പെട്രോള്‍ പമ്പില്‍നിന്നും ഫുള്‍ടാങ്ക് ഇന്ധംഅടിച്ച് പണംനല്‍കാതെ മുങ്ങിയ പ്രതി അറസ്റ്റില്‍

മലപ്പുറം രാമപുരത്തെ പെട്രോള്‍ പമ്പില്‍നിന്നും ഫുള്‍ടാങ്ക് ഇന്ധംഅടിച്ച് പണംനല്‍കാതെ മുങ്ങിയ പ്രതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: രാമപുരത്തെ യെസ്സാര്‍ പെട്രോള്‍ പമ്പില്‍ നിന്നും കാറില്‍ പുലര്‍ച്ചെയെത്തി ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിന് ശേഷം പണം കൊടുക്കാതെ വേഗത്തില്‍ ഓടിച്ചു പോയ പ്രതികളില്‍ ഒരാളെ കൊളത്തൂര്‍ പോലീസ് പിടികൂടി. കണ്ണൂര്‍ തളിപ്പറമ്പ്, പടപ്പേങ്ങാട്, കായക്കോല്‍ ജാസിം (19) എന്നയാളെയാണ് കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ പി.എം ഷമീറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.ശനിയാഴ്ച പുലര്‍ച്ചെ നടന്നസംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം കേസിലു ള്‍പ്പെട്ട കാറും പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന സംഘാംഗങ്ങളില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. രാമപുരം യെസ്സാര്‍ പെട്രോള്‍ പമ്പില്‍ നിന്ന് കറുപ്പ് നിറത്തിലുള്ള ഹൂണ്ടായ് ഐ10 കാറില്‍ വന്ന സംഘം 2500 രൂപയുടെ പെട്രോള്‍ അടിച്ചതിന് ശേഷം പണം കൊടുക്കാതെ വേഗത്തില്‍ പെരിന്തല്‍മണ്ണ ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

കൊളത്തൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കാറിലെ നമ്പര്‍ തെറ്റായിയാണ് കാണിച്ചിരുന്നതെങ്കിലും കറുത്ത ഐ10 കാറിനെപ്പറ്റിയുള്ള അന്വേഷണത്തിനൊടുവില്‍ ഉടമസ്ഥനെ കണ്ടെത്തി ചോദിച്ചതില്‍ കാര്‍ വാടകക്ക്കൊടുത്തതാണെന്ന് മനസ്സിലായി. കാറില്‍ ജി.പി.എസ് ഘടിപ്പിച്ചിരുന്നതിനാല്‍ ലൊക്കേഷന്‍ മനസ്സിലായി പിന്തുടര്‍ന്നതില്‍ ഇന്നലെ രാത്രി 12 മണിയോടെ കാര്‍ വിലങ്ങിട്ട് തടയുകയായിരുന്നു. കാര്‍ പരിശോധിച്ചതില്‍ കാറിന്റെ നമ്പര്‍ മറ്റൊരു രീതിയിലാക്കി രാത്രി വീണ്ടും പുറത്തിറക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. രക്ഷപ്പെട്ട മറ്റു സംഘാംഗങ്ങളെ തിരിച്ചറിഞ്ഞതായും വെളളിയാഴ്ച്ച പുലര്‍ച്ചെ സമാന രീതിയില്‍ ദേശീയ പാതയില്‍ കാക്കഞ്ചേരിയിലെ പമ്പില്‍ നിന്നും ഇവര്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് പണം കൊടുക്കാതെ വേഗത്തില്‍ ഓടിച്ചു പോയവരാണെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. പിടികൂടിയ പ്രതിക്കെതിരെ തളിപ്പറമ്പ് സ്റ്റേഷനിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലും കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ് ഐ റെജിമോന്‍, എ എസ് ഐ ശിവദാസന്‍, സി പി ഒ മാരായ ഷംസു, സത്താര്‍, വിപിന്‍ചന്ദ്രന്‍, മനോജ്, പ്രവീണ്‍ എന്നിവരുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Sharing is caring!