ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുടെ കാറില്‍ മലപ്പുറം രണ്ടത്താണിയില്‍ വെച്ച് ലോറിയിടിച്ചു

ബിജെപി ദേശീയ ഉപാധ്യക്ഷന്‍  അബ്ദുള്ളക്കുട്ടിയുടെ കാറില്‍ മലപ്പുറം രണ്ടത്താണിയില്‍ വെച്ച് ലോറിയിടിച്ചു

മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വാഹനം കോട്ടക്കലില്‍ രണ്ടത്താണിയില്‍വെച്ച് അപകടത്തില്‍ പെട്ടു. താന്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിപ്പിക്കുകയായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കിയെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരേക്കുള്ള യാത്രമധ്യേ മലപ്പുറം രണ്ടത്താണിയിലായിരുന്നു അപകടം. ചെറിയ കയറ്റം കയറുന്നതിനിടെ ഒരു ടോറസ് ലോറി വന്ന് കാറിനിടിച്ചു. രണ്ട് തവണയാണ് ഇടിച്ചത്.കാറിന്റെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. തനിക്കും കൂടെയുള്ളവര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പിന്നീട് മറ്റൊരു വാഹനത്തിലാണ് യാത്ര തുടര്‍ന്നത്.
പൊന്നാനിയിലെ വിലയങ്കോട് ഒരു ഫാസ്റ്റ്ഫുഡ് കടയില്‍വെച്ച് ഒരാള്‍ തന്നോട് മോശമായി പെരുമാറിയിരുന്നു. ആ സംഭവത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിലാണ് ആക്രമണം ഉണ്ടായത്.
ഉറങ്ങിപ്പോയെന്നാണ് ലോറി ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ അത് വിശ്വസനീയമല്ല. വാഹനം ആ പരിസരത്ത് നിന്നുള്ളതാണെന്ന് കരുതുന്നുഴെവന്നും അബ്ദുല്ലകുട്ടി പറഞ്ഞു.
അതേസമയം എ.പി. അബ്ദുള്ളക്കുട്ടിക്ക് നേരെ മലപ്പുറത്ത് നടന്ന ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും കെ. സുരേന്ദ്രന്‍.
എ.പി.അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാര്‍ ദേശീയ പാതയില്‍ രണ്ടത്താണിയില്‍ വെച്ച് ടോറസ്സ് ലോറി ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു. വെളിയങ്കോട് വെച്ച് ഭക്ഷണം കഴിച്ച ഹോട്ടലില്‍ വെച്ചും ഇദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമമുണ്ടായി. തുടര്‍ന്ന് വാഹനത്തില്‍ കയറി യാത്ര തുടങ്ങിയ ഉടന്‍ വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഉദ്ദേശം 15 കി.മീറ്റര്‍ പിന്തുടര്‍ന്ന് സഞ്ചരിച്ച് രണ്ടത്താണിയില്‍ വെച്ചാണ് 2 തവണ ടോറസ്സ് ലോറി അദ്ദേഹം സഞ്ചരിച്ച വാഹനത്തെ ഇടിച്ചത്.അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ബോധപൂര്‍വ്വമാണ് ഇത് നടന്നിട്ടുള്ളത്. പോലീസ് ഇക്കാര്യം ഗൗരവമായി കാണണം. സ്വാഭാവികമായ വാഹന അപകടമായി ഇതിനെ ചിത്രീകരിക്കാന്‍ പോലീസ് ശ്രമിക്കുന്നത് ശരിയല്ല. മലപ്പുറം ജില്ലയിലെ പൗരസ്വാതന്ത്ര്യത്തിന്റെ പച്ചയായ ചിത്രമാണ് ഇതിലൂടെ പുറത്തു വരുന്നതതെന്നു ബി.ജെി.പി ആരോപിച്ചു.

Sharing is caring!