വീണ്ടും 1000 കടന്ന് ജില്ലയിലെ കോവിഡ് രോഗികള്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഇന്നും 1000 കടന്നു. 1,024 പേര്‍ക്കാണ് ഇന്ന് (ഒക്ടോബര്‍ 08) രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. രോഗബാധിതരായവരില്‍ 916 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 74 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ഇന്ന് 876 പേര് രോഗമുക്തരായതായും ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരുള്‍പ്പെടെ 22,156 പേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
47,204 പേര് നിരീക്ഷണത്തില്‍
47,204 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 7,648 പേര് വിവിധ കേന്ദ്രങ്ങളിലായി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 526 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,402 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ നിന്ന് ഇതുവരെ 1,92,864 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചതില്‍ 5,359 സാമ്പിളുകളുടെ ഫലങ്ങള്‍ ലഭിക്കാനുണ്ട്. ജില്ലയില്‍ ഇതുവരെ 130 പോരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കോവിഡ് 19 വ്യാപനം വലിയതോതില്‍ വര്‍ധിക്കുമ്പോള്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. അത്യാവശ്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. ഇങ്ങനെ പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും മാസ്കിന്റെ ശരിയായ രീതിയിലുള്ള ഉപയോഗവും ഉറപ്പാക്കണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന് നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]