മഞ്ചേരി- തിരൂര്‍ ബസില്‍ ക്ലീനിറായി ഒതുക്കുങ്ങല്‍ സ്വദേശി രജിത

മഞ്ചേരി- തിരൂര്‍ ബസില്‍  ക്ലീനിറായി ഒതുക്കുങ്ങല്‍ സ്വദേശി രജിത

മലപ്പുറം: മഞ്ചേരി- തിരൂര്‍ റൂട്ടിലോടുന്ന കെകെബി ബസില്‍ കയറുന്നവരെ കഴിഞ്ഞ ഏഴ് ദിവസങ്ങളായി സ്വീകരിക്കുന്നത് ഒരു പെണ്‍ മുഖമാണ്. മലപ്പുറം ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ ആലുങ്ങല്‍ രജിത (35) ആണ് ഒരു ആഴ്ച കാലമായി ഈ ബസില്‍ കയറുന്ന ആളുകളെ സ്വീകരിക്കുന്നത്. തുണിക്കടയിലെ സെയില്‍സ് ഗേള്‍ ആയുള്ള ജോലി കൊവിഡിനെ തുടര്‍ന്ന് നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രജിത കെകെബി ബസില്‍ ക്ലീനറായി ജോലി ആരംഭിച്ചത്.

അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചതോടെ പഠനം പത്താം ക്ലാസില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് വീട്ടുകാരെ എങ്ങനെയെങ്കിലും നല്ലരീതിയില്‍ നോക്കണം എന്ന സ്വപ്നം മാത്രമായിരുന്നു രജിതക്ക്. അങ്ങനെയാണ് സെയില്‍സ് ഗേള്‍ ജോലി നഷ്ടപ്പെട്ടപ്പോഴും ബസ് ക്ലീനറായി ജോലിക്കായി എത്തുന്നത്. അഞ്ചുവര്‍ഷം മുമ്പ് രജിത വിവാഹമോചനം നേടിയിരുന്നു. സെയില്‍സ് ഗേള്‍ ജോലി നഷ്ടമായതോടെ ബന്ധുവിന്റെ സഹായം വഴി ആണ് പുതിയ ജോലി രജിതക്ക് ലഭിച്ചത്.

രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ജോലി രാത്രി എട്ടുമണിക്കാണ് അവസാനിക്കുന്നത്. ബസിലെ കണ്ടക്ടറും ഡ്രൈവറും എല്ലാം രജിതക്ക് പൂര്‍ണപിന്തുണ നല്‍കി ഒപ്പമുണ്ട്. അമ്മക്കും മകള്‍ക്കൊപ്പം വാടക വീട്ടിലാണ് രജിത കഴിയുന്നത്. ആരുടെ മുന്നിലും തോല്‍ക്കാന്‍ ഞാന്‍ തയ്യാറല്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് അധ്വാനിച്ചു ജീവിച്ച് മുന്നേറാന്‍ തന്നെയാണ് രജിതയുടെ തീരുമാനം.

Sharing is caring!