പുഴയില്‍ കാണതായ തൗഹീദിന്റെ മൃതദേഹം കണ്ടെടുത്തു

പുഴയില്‍ കാണതായ  തൗഹീദിന്റെ മൃതദേഹം കണ്ടെടുത്തു

പെരിന്തല്‍മണ്ണ: കട്ടുപ്പാറ പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നപ്പള്ളി കൊല്ലക്കോട് മുക്കിലെ കക്കറന്‍ അബ്ദുവിന്റെ മകന്‍ തൗഹീദിനെ (21) യാണ് കട്ടുപ്പാറ പുഴയില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍പെട്ടു കാണാതായത്. തുടര്‍ന്നു പെരിന്തല്‍മണ്ണ, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും പോലീസും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് രണ്ടു യുവാക്കള്‍ പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇരുവരും മുങ്ങി താഴുന്നതു കണ്ട നാട്ടുകാര്‍ ഉടന്‍ പുഴയില്‍ ചാടി ഒരാളെ രക്ഷപ്പെടുത്തി. അപ്പോഴേക്കും തൗഹീദ് മുങ്ങിതാണിരുന്നു.
തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സും സംഘവുമെത്തിയത്. ഇവിടെ കഴിഞ്ഞ വര്‍ഷവും കുളിക്കാനിറങ്ങിയ ഒരു കുട്ടി മുങ്ങി മരിച്ചിരുന്നു. പെരിന്തല്‍മണ്ണ സീനിയര്‍ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ അബ്ദുള്‍സലീം, ഫോര്‍ഡ് ഹബീബ്, മലപ്പുറം സീനിയര്‍ ഓഫീസര്‍ ശരത്ത്, മുജീബ്, ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായ സനോജ്, സുജിത്ത്, സുഭാഷ്, ബൈജു, എച്ച്എംജി അശോകന്‍ എന്നിവരും ഷൊര്‍ണൂര്‍ ഡിവിഷന്‍ മുങ്ങല്‍ വിദഗ്ധരായ ഹംസ, മുസ്തഫ, ഷെരീഫ് എന്നിവരും അടങ്ങുന്ന സംഘമാണ് തെരച്ചിലിനു നേതൃത്വം നല്‍കിയത്. റുഖിയ ആണ് തൗഹീദിന്റെ മാതാവ്. സഹോദരി: തസ്‌നി.
പെരിന്തല്‍മണ്ണ ജില്ലാആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു രാവിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുന്നപ്പള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Sharing is caring!