സമസ്തയുടെ മദ്രസ ഓണ്‍ലൈന്‍ ക്ലാസുകളില്‍ താരങ്ങളായി പാണക്കാട്ടെ ഇളം തലമുറക്കാര്‍

സമസ്തയുടെ മദ്രസ  ഓണ്‍ലൈന്‍ ക്ലാസുകളില്‍  താരങ്ങളായി പാണക്കാട്ടെ  ഇളം തലമുറക്കാര്‍

മലപ്പുറം: സമസ്തയുടെ മദ്രസ ഓണ്‍ലൈന്‍ ക്ലാസുകളില്‍ താരങ്ങളായി പാണക്കാട്ടെ ഇളം തലമുറക്കാര്‍. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ ഇളം തലമുറക്കാരായ ഹാഫിള് സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹാഫിള് സയ്യിദ് ദില്‍ദാര്‍ ശിഹാബ് തങ്ങള്‍, എന്നിവരും ഹാഫിള് സയ്യിദ് മിഖ്ദാദ് തങ്ങള്‍ കണ്ണന്തളി, ഹാഫിള് മുഹമ്മദ് ശൗബല്‍ അയ്യായ എന്നീ വിദ്യാര്‍ത്ഥികളുമാണ് സമസ്ത ഓണ്‍ലൈന്‍ മദ്‌റസയുടെ ശ്രദ്ധാകേന്ദ്രങ്ങളാവുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2020 ജൂണ്‍ ഒന്ന് മുതല്‍ തുടങ്ങിയ ഓണ്‍ലൈന്‍ മദ്‌റസ ക്ലാസിന് ആമുഖമായി ദിവസവും ‘സൂറത്തുല്‍ ഫാത്തിഹ’ പാരായണം ചെയ്യുന്നതും മനഃപ്പാഠമാക്കേണ്ട സൂറത്തുകള്‍ ഓതി കേള്‍പ്പിക്കുന്നതും ഈ കൊച്ചുമിടുക്കരാണ്. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ മുഖേന നടത്തുന്ന വിശേഷാല്‍ പരിപാടികളിലും ഇവരുടെ സാന്നിദ്ധ്യം പരിപാടികളെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മദ്‌റസ പഠനം ദിവസവും ആരംഭിക്കുന്നത് ഇവരുടെ ഖുര്‍ആന്‍ പാരാണം കേട്ടുകൊണ്ടാണ്. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരുടെ പുത്രന്മാരാണ് യഥാക്രമം സയ്യിദ് സ്വിദ്ഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ദില്‍ദാര്‍ ശിഹാബ് തങ്ങള്‍ എന്നിവര്‍. സയ്യിദ് മിഖ്ദാദ് തങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫക്‌റുദ്ദീന്‍ തങ്ങളുടെ മകനും മുഹമ്മദ് ശൗബല്‍ അയ്യായ മന്‍സൂര്‍ ദാരിമിയുടെ മകനുമാണ്. ഇവര്‍ക്കുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അനുമോദന പത്രം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും വിതരണം ചെയ്യുകയുണ്ടായി.

Sharing is caring!