ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: പത്രപ്രവര്‍ത്തക യൂണിയൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി

ഗര്‍ഭസ്ഥ ശിശുക്കളുടെ മരണം: പത്രപ്രവര്‍ത്തക യൂണിയൻ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി

മലപ്പുറം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിക്കുകയും യുവതി ഗുരുതരാവസ്ഥിയലാവുകയും ചെയ്ത സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കി. സുപ്രഭാതം ദിനപത്രം ലേഖകന്‍ എന്‍.സി ഷരീഫിനും കുടുംബത്തിനുമാണ് അത്യധികം വേദനാജനകമായ ദുരനുഭവമുണ്ടായിരിക്കുന്നത്. ഷരീഫിൻറെ ഭാര്യ ഷഹല തസ്‌നി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുപരിചിതനായ മാധ്യമപ്രവര്‍ത്തകന് പോലും ഇതാണ് അനുഭവമെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താവുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. നിഷ്പക്ഷമായ അന്വേഷണ റിപോര്‍ട്ടിൻറെ അടിസ്ഥാനത്തില്‍ നീതിയുക്തമായ നടപടികള്‍ കൈക്കൊള്ളണം. കോവിഡിൻറെ പേര് പറഞ്ഞ് ചികിത്സ നിഷേധിക്കുന്നത് സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നും ഇതിനെതിരെ മാധ്യമങ്ങള്‍ കൈക്കൊള്ളുന്ന ശക്തമായ നിലപാടിന് പൊതുജനങ്ങള്‍ പിന്തുണ നല്‍കണമെന്നും കെ.യു.ഡബ്ല്യൂ.ജെ ജില്ലാ പ്രസിഡൻറ് ഷംസുദ്ദീന്‍ മുബാറക്കും സെക്രട്ടറി കെ.പി.എം റിയാസും അഭ്യര്‍ഥിച്ചു. പ്രതിപക്ഷ നേതാവ്, മലപ്പുറം ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

Sharing is caring!