25ഓളം മോഷണക്കേസിലെ പ്രതികളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

25ഓളം മോഷണക്കേസിലെ പ്രതികളെ  താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: വിവിധ മോഷണ കേസുകളിലെ നാലു പ്രതികളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പകഞ്ചേരി സ്വദേശി ഫൈസല്‍, താനൂര്‍ സ്വദേശി അഭിലാഷ്, കരിങ്കല്ലത്താണി സ്വദേശി റഫീഖ്, നിറമരുതൂര്‍ സ്വദേശി യാക്കൂബ് എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കരിങ്കപ്പാറയിലെ പലചരക്കുകടയില്‍ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ മാസത്തില്‍ മീനടത്തൂര്‍ ഹാര്‍ഡ്വെഴ്സില്‍ നടന്ന മോഷണ കേസിലെ പ്രതികളുമാണിവര്‍. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് ടൗണ്‍ സ്റ്റേഷന്‍, മഞ്ചേരി, താനൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. മോഷണ സ്ഥലങ്ങളിലെ സിസിടിവികള്‍ അടിച്ചു തകര്‍ത്താണ് പ്രതികള്‍ കവര്‍ച്ച നടത്താറുള്ളത്. അതേസമയം മറ്റൊരു സിസിടിവി ക്യാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ബ്രേസ്ലെറ്റില്‍ നിന്നാണ് അന്വേഷണത്തിന് തുമ്പ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഏതുതരത്തിലുള്ള മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താലും ശാസ്ത്രീയമായി തെളിയിക്കാന്‍ ഏതറ്റംവരെ പോയിട്ടും കേസുകള്‍ തെളിയിക്കണം എന്നുള്ള മലപ്പുറം എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം തിരൂര്‍ ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണങ്ങള്‍ നടക്കുന്നത്. താനൂര്‍ സി.ഐ പി പ്രമോദ്, എസ്.ഐ നവീന്‍ ഷാജ്, ഗിരീഷ്, രാജു, സീനിയര്‍ സി.പി.ഒ സലേഷ് കാട്ടുങ്ങല്‍, സബറുദ്ദീന്‍, വിമോഷ്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘാംഗങ്ങള്‍.

Sharing is caring!