പിണറായിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം

പിണറായിയുടെ പ്രസ്താവന  വിശ്വാസി സമൂഹത്തെ  വേദനിപ്പിക്കുന്നതും  ഖേദകരവുമാണെന്ന് കാന്തപുരം

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലയാരുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ്. പിണറായിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ
വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. തിരുകേശം ബോഡി വേസ്റ്റ് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. മുന്‍പ് പറഞ്ഞത് പറഞ്ഞത് തന്നെയാണെന്നും നിങ്ങളുടെ ആരുടെയും സര്‍ട്ടിഫിക്കറ്റിന് വേണ്ടിയല്ല നിലപാട് വ്യക്തമാക്കുന്നതെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്.

പ്രസ്താവനയുടെ പൂര്‍ണരൂപം:

വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടുകള്‍ക്ക് പകരം വിവേകപരമായ സമീപനരീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്ന് മുസ്ലിം ജമാഅത്ത് പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു.

Sharing is caring!