ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 500 കടന്നു, ഇന്ന് 512 രോഗികൾ
മലപ്പുറം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇന്ന് 512 പേർക്കാണ് ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്. ദിവസങ്ങളുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് വൈറസ് ബാധിതരുടെ എണ്ണം 500 കവിയുന്നത്. രോഗബാധിതർ വൻതോതിൽ വർധിക്കുന്നത് ആശങ്കാജനകമാണ്. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത പാലിക്കുന്നതിൽ വിട്ടുവീഴ്ചകൾ പാടില്ല. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കിട്ടുണ്ടെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 465 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 20 പേർക്കും 15 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ ഒരാൾ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 11 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
അതേസമയം 372 പേർ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. സർക്കാറിന്റെ നിർദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും ഇതര സർക്കാർ വകുപ്പുകളും ചേർന്ന് നടത്തുന്ന ജനകീയ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണിതെന്നും കൂടുതൽ പേർ രോഗമുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നത് ആശ്വാസകരമാണെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഇതുവരെ 13,074 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
29,586 പേർ നിരീക്ഷണത്തിൽ
29,586 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 3,474 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 473 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 2,005 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,50,649 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനക്കയച്ചത്. ഇതിൽ 4,008 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.
ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആവർത്തിച്ച് അഭ്യർഥിച്ചു. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]