മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത് കെ.ടി.ജലീല്‍
തിരുവനന്തപുരം: സി.പി.എമ്മോ ഇടതുമുന്നണിയോ ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാന്‍ ഒരു മടിയുമില്ലെന്നും അധികാരത്തില്‍ കടിച്ചു തൂങ്ങുന്നത് തന്റെ രീതിയല്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി.ജലീല്‍. എന്നാല്‍ രാഷ്ട്രീയ ആരോപണങ്ങളുടെ പേരില്‍ രാജിവെക്കില്ലെന്നും മനഃസാക്ഷിയുടെ മുന്നില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജലീല്‍ സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
അതേ സമയം പി.കെ കുഞ്ഞിലിക്കുട്ടിയെ തനിക്ക് 35 വര്‍ഷമായി അറിയാമെന്നും കെ.ടി ജലീലിനെയുമറിയാമെന്നും ഇരുവരേയും വെച്ച് ഒരുമിച്ചു തൂക്കിയാല്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കുതന്നെയാകും കനം കൂടുതലെന്ന് മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി പ്രതികരിച്ചു. ചില വിഗ്രഹങ്ങള്‍ ഉടഞ്ഞുവീഴുമെന്നും അത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിത്തരുതെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ മുന്നറിയിപ്പ് നല്കി.
ലോക്ക്ഡൗണിനെ തുടര്‍ന്ന് കൊടുക്കാന്‍ കഴിയാത്ത റമദാന് കിറ്റുകളും ഖുര്‍ആന്‍ കോപ്പികളും ഏതെങ്കിലും സ്ഥലത്ത് കൊടുക്കാന്‍ കഴിയുമോ എന്ന് യു.എ.ഇ. കോണ്‍സുലേറ്റ് ജനറല്‍ അന്വേഷിച്ചപ്പോള്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിനാണ് തനിക്ക് കേന്ദ്ര ഏജന്‍സികള്‍ക്കു മുന്നില്‍ ഹാജരാകേണ്ടി വന്നതെന്ന് കെ.ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പരാതികള്‍ വിവിധ കേന്ദ്ര ഏജന്സികള്ക്കുമുമ്പിലെത്തി. പരാതികളുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തുമായി അതിന് ബന്ധമുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷിക്കണ്ടതുണ്ട്. അതിനുള്ള വിവരശേഖരണം നടത്തുന്നതിനു വേണ്ടി മാത്രമാണ് രണ്ട് ഏജന്‍സികള്‍ വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ പ്രധാനമന്ത്രിക്കാണ് കത്ത് എഴുതിയത്. ഇ.ഡിക്ക് പരാതി അയച്ചു മറ്റു ചിലര്‍. ആ പരാതികളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് അന്വേഷിക്കുക സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യം ചെയ്യല്‍ വിവാദം കൈകാര്യം ചെയ്യുന്നതില്‍ പിഴവുണ്ടായിട്ടില്ല. വിവാദത്തെ വിശ്വാസവുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. മൊഴി കൊടുക്കാന്‍ പോകുന്ന വിവരം മുഖ്യമന്ത്രിയെ അറിയിച്ചു. ഏതുവിധത്തിലാണ് നടപടികള്‍ എന്ന് പറഞ്ഞിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഫോറിന് കോണ്ട്രിബ്യൂഷന് ആക്ട് ലംഘിച്ചു എന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പരാതി നല്കി. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് പണം സ്വീകരിച്ചു, അല്ലെങ്കില്‍ സാധനങ്ങള്‍ സ്വീകരിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പരാതി. തനിക്ക് അനധികൃത സ്വത്ത് സമ്പാദനം ഉണ്ടെന്നായിരുന്നു പല സംഘടനകളും ഇ.ഡിക്ക് നല്കിയ പരാതി.താന്‍ അവ വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഖുര്‍ആന്‍ വിതരണത്തില്‍ അപാകമില്ല. പ്രോട്ടോക്കോള്‍ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ല. ഖുര്‍ആന്‍ സിആപ്റ്റിലെത്തിക്കാന്‍ താന്‍ തന്നെയാണ് നിര്‍ദേശിച്ചത്. മന്ത്രിയെന്ന നിലയില്‍ നിര്‍വഹിക്കേണ്ട ചുമതല മാത്രമാണ് നിര്‍വഹിച്ചത്.
എന്‍.ഐ.എയില്‍ വിശ്വാസക്കുറവില്ല. അവരെ അവിശ്വസിക്കാന്‍ പ്രത്യേകിച്ച് കാരണമില്ല. മലപ്പുറത്ത് പല മണ്ഡലങ്ങളിലും ലീഗ് പരാജയം മുന്നില്‍ക്കാണുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അവര്‍ തനിക്കെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നത്. ലീഗ് വിരുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]