ഒഴുക്കില്‍പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പെട്ട  യുവാവിന്റെ   മൃതദേഹം  കണ്ടെത്തി

തേഞ്ഞിപ്പലം: നീരോല്‍പാലം വലിയ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുന്നത്ത് ചിറക്ക് സമീപത്ത് നിന്ന് തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് മുള്ളു കാടുകള്‍ക്കിടയില്‍ കുരുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പള്ളിക്കല്‍ സ്രാമ്പ്യബസാര്‍ സ്വദേശി കാഞ്ഞിരശേരി വീട്ടില്‍ ബാലന്റ മകന്‍ ജിതേഷ് (30)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെ
യാണ് സുഹൃത്തുക്കളായ 6 പേര്‍ക്കൊപ്പം ഇദ്ദേഹം തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയത്. ഇദ്ദേഹത്തെ കാണാതായി നാലാം ദിവസമായ ഇന്നലെ ഫയര്‍ഫോഴ്‌സും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ തോട്ടിലെ തടയണ അടച്ചാണ് തെരച്ചില്‍ നടത്തിയിരുന്നത്. ജിതേഷിനെ കണ്ടെത്തുന്നതിന് നാവികസേന ഉള്‍പ്പെടെയുള്ളവരുടെ സഹായം ആവശ്യപ്പെട്ടിരുന്നു. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെയും ബന്ധപ്പെട്ടാണ് ആവശ്യമുന്നയിച്ചിരുന്നത്.

അതെ സമയം പതിനഞ്ച് വര്‍ഷത്തിനിടെ ആറ് പേര് ഇവിടെ ഒഴുക്കില്‍പ്പെട്ട് മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു. അപകട മുന്നറിയിപ്പുള്ള ബോര്‍ഡോ മറ്റോ സ്ഥാപിക്കാത്തത് അധികൃതരുടെ വീഴ്ച്ചയായി നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാരായ ശങ്കരമട്ടില്‍ ചൂലന്റെയും , മുഹമ്മദ്കുട്ടിയുടെയും സഹായത്താല്‍ തിരുവമ്പാടിരാഹുല്‍ബ്രിഗേഡാണ് മൃതദേഹം കണ്ടെടുത്തത്. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ, എമര്‍ജന്‍സി റെസ്‌ക്യു വിംഗ്, രാഹുല്‍ ബ്രിഗേഡ്, ഐ.ആര്‍.ഡള്യു, വൈറ്റ്ഗാര്‍ഡ്, എസ് ഡി പി ഐ, അമീന്‍ കുരാച്ചുണ്ട്, ട്രോമാകെയര്‍, തുടങ്ങിയ സംഘങ്ങളുടേയും, സമീപ പ്രദേശങ്ങളിലെ ക്ലബ്ബ് പ്രവര്‍ത്തകര്‍ നാട്ടുകാരും തിരച്ചിലിനെത്തിയിരുന്നു. മാതാവ്: രാജേശ്വരി. സഹോദരങ്ങള്‍: അനീഷ്, ജിജീഷ്, അമ്പിളി.

Sharing is caring!