കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്തവളത്തിലെ ചുറ്റുമതില്‍ തകര്‍ന്നുവീണു

കനത്ത മഴയില്‍ കരിപ്പൂര്‍  വിമാനത്തവളത്തിലെ ചുറ്റുമതില്‍ തകര്‍ന്നുവീണു

മലപ്പുറം: കനത്ത മഴയില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്തവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണു.
അഞ്ചു മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റിട്ട് കമ്പിവേലി കെട്ടിയ മതിലാണ് കാലപ്പഴക്കം കാരണം മഴയില്‍ തകര്‍ന്നു വീണത്. ഇത്തരത്തില്‍ 10 കിലോമീറ്ററോളം ചുറ്റളവിലുള്ള മതില്‍ ഏതുനിമിഷവും വീഴുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയില്‍ വിമാനത്തവളത്തിന്റെ ചിറയില്‍, അയനിക്കാട്, കൂട്ടാല്‍, പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് മലിന ജലം ഒഴിക്കിവിട്ടിരുന്നതായി പരിസരവാസികള്‍ ആരോപിച്ചു. വിമാനത്താവള ടേബിള്‍ ടോപ്പിലെ കരിങ്കല്‍ പാകിയ ചരിഞ്ഞ പ്രദേശത്തിലെ വെള്ളം മുഴുവന്‍ റണ്‍വേക്ക് കുറുകെയുള്ള തുരങ്കത്തിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുകയാണൈന്നാണ് ആക്ഷേപം. തുടര്‍ന്ന് പ്രതിഷേധം ശക്തമായപ്പോള്‍ സ്ഥലം എംപിയും, കൊണ്ടോട്ടി, വള്ളിക്കുന്ന് എംഎല്‍എമാരും, കൊണ്ടോട്ടി, പളളിക്കല്‍ നഗരസഭ ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് ഒരു മാസത്തിനകം പരിഹാരം വാഗ്ദാനം ചെയ്തതാണ്. ഇതുവരെ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലന്ന് നാട്ടുകാര്‍ പറയുന്നു.

വിമാനത്താവളത്തിന് വേണ്ടി പല ഘട്ടങ്ങളിലായി വീടും ഭൂമിയും നല്‍കിയവരാണ് ഇവിടങ്ങളില്‍ താമസിക്കുന്നത്. പൊതുമേഖലയിലുള്ള വിമാനത്താവളത്തിന്റെ ചിറകരിയാന്‍ ശ്രമിക്കുന്നതോടൊപ്പം പരിസരവാസികളോടും അധികൃതര്‍ അനാസ്ഥ സ്വീകരിക്കുകയാണന്ന് എഐവൈഎഫ് ആരോപിച്ചു.
രണ്ടുവര്‍ഷം മുന്‍പും സമാനമായ രീതിയില്‍ വിമാനത്തവള മതില്‍ തകര്‍ന്നിരുന്നു. അന്ന് കുട്ടാലുങ്ങല്‍ പൂക്കുത്ത് ഭാഗത്ത് നാല്‍പതോളം മീറ്റര്‍ നീളത്തിലാണ് മതില്‍ തകര്‍ന്നത്. റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് മതിലിനോട് ചേര്‍ന്ന് മണ്ണ് നീക്കിയിരുന്നു. ഇവിടെ രണ്ട് കുഴികള്‍ രൂപപ്പെട്ടിരുന്നു. കനത്ത മഴയില്‍ കുഴി നിറഞ്ഞ് വെള്ളം കുത്തിയൊലിച്ചതാണ് മതില്‍ തകരാന്‍ കാരണമായത്. റണ്‍വേയുടെ കോമ്പൗണ്ട് മതിലും റണ്‍വേയുടെ 150 മീറ്റര്‍ അകലത്തില്‍ കെട്ടിപ്പൊക്കിയ മതിലുമാണ് അന്ന് ഒരേസമയം തകര്‍ന്ന് വീണത്.

Sharing is caring!