കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്തയെന്ന്. കൈരളി ടി.വിക്കെതിരെ മുസ്ലിംലീഗ് നിയമനടപടിക്ക്

കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാര്‍ത്തയെന്ന്. കൈരളി ടി.വിക്കെതിരെ മുസ്ലിംലീഗ് നിയമനടപടിക്ക്

മലപ്പുറം: കുഞ്ഞാലിക്കുട്ടിക്കെതിരെ കൈരളി ടി.വിയില്‍ വ്യാജ വാര്‍ത്തകൊടുത്തുവെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് നിയമനടപടിക്ക്. സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി റമീസിനെ ജാമ്യത്തിലിറക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടപെടല്‍ നടത്തിയെന്നും ആര്‍.എസ്.എസുമായും ചര്‍ച്ചനടത്തിയന്നടക്കമാണ് കൈരളി വാര്‍ത്ത നല്‍കിയത്. ഇത് വ്യാജമാണെന്നും ഇതിനെതിരെ നിയമനപടിയുമായി മുന്നോട്ടുപോകുകയാണെന്നും മുസ്ലിംലീഗ് കോഴിക്കോട് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അതേ സമയം കൈരളി ചാനലിനെതിരെ നിയമനടപടി സ്വീകരിച്ച് സ്വര്‍ണക്കടത്ത് കേസില്‍ പൂര്‍ണ്ണമായും പ്രതിരോധത്തിലായതോടുകൂടിയാണ് പാര്‍ട്ടിയെ രക്ഷിക്കാന്‍ കൈരളി ചാനല്‍ വ്യാജ വാര്‍ത്തകളുമായി രംഗത്തുവന്നതെന്നും മറ്റൊരു മാധ്യമവും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യതിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് വ്യക്തമാക്കി. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കൈരളി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികള്‍ സ്വീകരിക്കുന്നത്. കൈരളി ചാനലില്‍ വന്ന വാര്‍ത്ത ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടിയുടെ ഓഫീസില്‍നിന്നും അറിയിച്ചു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ കേന്ദ്ര അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും സര്‍ക്കാര്‍ ഒന്നടങ്കവും സ്വര്‍ണക്കടത്ത് കേസില്‍ പ്രതിരോധത്തിലാണ്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ടവര്‍ കേരളത്തിലേക്ക് നയതന്ത്ര ചാനല്‍ വഴി കൊണ്ടുവന്നിട്ടുള്ള എല്ലാ സാധനങ്ങളെയും കുറിച് എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് വന്ന സാധനങ്ങള്‍ കെ ടി ജലീല്‍ സ്വീകരിക്കുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തതിന്റെ ഭാഗമായിട്ടാണ് അന്വേഷണം. ജലീലിനെതിരായ സമരം ഖുര്‍ആന്‍ വിരുദ്ധ സമരമായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ ശ്രമവും പരാജയപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി പാര്‍ട്ടി ചാനല്‍ രംഗത്ത് വരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.

അതേ സമയം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാറിനും കേന്ദ്രസര്‍ക്കാറിനുമെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളും പിണറായിയുടെ മൗനവും കൂട്ടിവായിച്ചാല്‍ ആര്‍ക്കാണ് ബിജെപിയുമായി രഹസ്യബന്ധമെന്ന് മനസ്സിലാവുമെന്ന് കെ.എം ഷാജി. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചത് കൊണ്ട് പിണറായിയുടെ മാഫിയാ സംഘത്തെ വെളുപ്പിച്ചെടുക്കാനാവില്ലെന്നും ഷാജി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കൈരളി ചാനലിന്റെ ‘ഖുര്‍ ആന്‍ വിരുദ്ധസമര പ്രക്ഷോഭം’ സമുദായം ഏറ്റെടുക്കുന്നില്ല എന്ന് ഉറപ്പായപ്പോള്‍ അടുത്ത അടവ് ഇറക്കി നോക്കുന്നത് കുഞ്ഞാലിക്കുട്ടി വിരുദ്ധ വികാരം ഇളക്കി നോക്കലാണ്
റമീസിന്റെ ജാമ്യത്തിനു പിന്നില്‍ കുഞ്ഞാലിക്കുട്ടി എന്ന ഇമ്മിണി ബല്യ എക്‌സ്‌ക്ലൂസീവുമായി കൈരളി ഇറങ്ങിയിട്ടുണ്ട്.
ലാവലിന്‍ കേസില്‍ അടക്കം സംഘ് പരിവാറുമായി ഒത്തു തീര്‍പ്പുണ്ടാക്കി നല്ല പരിചയമുള്ള പിണറായിയും അയാളുടെ മാധ്യമ ഉപദേഷ്ടാവും ഇങ്ങിനെ പറയുന്നതില്‍ ഒരു അത്ഭുതവുമില്ല.
റമീസീനും സ്വപ്നക്കുമടക്കം എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിക്കേണ്ടത് സി പി എമ്മിന്റെ ആവശ്യമാണ്.
ജലീലിനെയും നേതാക്കന്മാരുടെ മക്കളെയും ഇനിയും ലിസ്റ്റില്‍ വരാനിരിക്കുന്ന മന്ത്രിമാരെയും രക്ഷപ്പെടുത്താന്‍ ആര്‍ എസ് എസുമായി മാത്രമല്ല സംഘപരിവാരത്തിലെ ഏത് ഈര്‍ക്കില്‍ കക്ഷിയുമായും ചര്‍ച്ചക്ക് തയ്യാറായിട്ടാണു സി പി എം നേതൃത്വത്തിന്റെ നില്‍പ്പ്.
കുഞ്ഞാലിക്കുട്ടി സാഹിബും ആര്‍ എസ് എസും തമ്മില്‍ ചര്‍ച്ച എന്ന് ‘എസ്‌ക്ലൂസീവ്’ വിടുന്നതിനു മുമ്പ് കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം ബി ജെ പി ഗവണ്മെന്റിനെതിരായി നടത്തിയ പ്രസ്താവനകള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ചര്‍ച്ച നടത്തി എന്ന് സി പി എം ചാനല്‍ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി സംഘപരിവാരത്തിനെതിരെ പറഞ്ഞതും പിണറായി പറയാത്തതും കൂട്ടി വായിച്ചാല്‍ അത് മനസ്സിലാവും
ഇത് കൊണ്ടൊന്നും നിങ്ങളുടെ ഈ മാഫിയ സംഘത്തെ വെളുപ്പിച്ചെടുക്കാന്‍ പറ്റില്ല സാര്‍

Sharing is caring!