പാണക്കാട് മുറ്റത്ത് സമുദായം വിൽപനയ്ക്ക് എന്ന ബോർഡ് ലീ​ഗ് ഉയർത്തുമെന്ന് വി അബ്ദുറഹ്മാൻ എം എൽ എ

പാണക്കാട് മുറ്റത്ത് സമുദായം വിൽപനയ്ക്ക് എന്ന ബോർഡ്  ലീ​ഗ് ഉയർത്തുമെന്ന്  വി അബ്ദുറഹ്മാൻ എം എൽ എ

താനൂർ: മുസ്ലീം ലീ​ഗിനെതിരെ ആഞ്ഞടിച്ച് താനൂർ എം എൽ എ, വി അബ്ദുറഹ്മാൻ. കെ ടി ജലീൽ വിഷയത്തിൽ‌ ഖുറാൻ വലിച്ചിഴച്ച് ലീ​ഗ് സമുദായത്തെ അപമാനിക്കുകയാണെന്നും, സമുദായത്തിനോട് എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ വിശുദ്ധ ​ഗ്രന്ഥത്തെ മറയാക്കി നടക്കുന്ന ഈ സമരത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പാണക്കാട് തങ്ങൾ കൈക്കൊള്ളണമെന്നും എം എൽ എ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വിശുദ്ധ ഖുറാന്റെ പേരും പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന ബി ജെ പിക്ക് സദ്യവരെ വിളമ്പാൻ റെഡിയായി നിൽക്കുകയാണ് ലീ​ഗ് എന്നും അധികം വൈകാതെ തന്നെ പാണക്കാട് മുറ്റത്ത് സമുദായം വിൽപനയ്ക്ക് എന്നൊരു ബോർഡ് കൂടെ ലീ​ഗ് ഉയർത്തുമെന്നും എം എൽ എ ആരോപിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

സമുദായം വിൽപനയ്ക്ക് എന്നൊരു ബോർഡ് കൂടി മാത്രമായിരുന്നു പാണക്കാട് തറവാട്ടിൽ ഉയരാനുണ്ടായിരുന്നത്. അധികം താമസിക്കാതെ അതും പാണക്കാടെ മുറ്റത്ത് കെട്ടിതൂക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്രനാളും സമുദായത്തെ മുന്നിൽ നിറുത്തി കച്ചവടം ആയിരുന്നെങ്കിൽ ഇനി അത് വിറ്റ് മുടിക്കാനും ലീ​ഗ് മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ തെരുവുകളിൽ കാണുന്നത്. വിശുദ്ധ ഖുറാന്റെ പേരിൽ വരെ രാഷ്ട്രീയം കളിക്കുന്ന ബി ജെ പിക്ക് നാരങ്ങാവെള്ളം മാത്രമല്ല തൂശനിലയിൽ സദ്യവരെ വിളമ്പാൻ റെഡിയായി നിൽക്കുകയാണ് സാഹിബുമാർ. ഒറ്റ ആവശ്യം മാത്രമേ കേന്ദ്രം ഭരിക്കുന്നവരോട് പറയാനുള്ളു. സമുദായത്തിന്റെ കഞ്ഞികുടി മുട്ടിയാലും സാര്യല്ല, ഞമ്മടെ കച്ചോടം മുടക്കരുത്. ഡൽഹിക്ക് പടപുറപ്പാട് നടത്തിയ സാഹിബ് മുതൽ രേഖയില്ലാ ആരോപണങ്ങൾ ഉയർത്തുന്ന യൂത്തൻ സാഹിബുമാർക്കുവരെ കാര്യമറിയാം. അടുത്ത തവണ കൂടി അധികാരം കയ്യിലില്ലേൽ പിന്നെ കൂടെ കച്ചോടോം കാണില്ല, സമുദായോം കാണില്ല. കമ്മിഷൻ ബിസിനസും, ബിനാമി ബിസിനസും, ആരാന്റെ കയ്യിലെ പണം വച്ചുള്ള സ്വർണ കച്ചോടോം, കോൺക്രീറ്റ് കച്ചോടോം ഒന്നും നടക്കില്ലാന്നർഥം. പിന്നെ സാഹിബുമാർക്ക് കിടന്നാ ഉറക്കം വര്യോ….

കേവലം നയതന്ത്ര വിഷയം മാത്രമായി അവസാനിക്കേണ്ട ഒരു പരാതിയെ വർ​ഗീയ വിഷയമാക്കി മാറ്റി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് കേരളത്തിലെ അഭിനവ കോ ലീ ബി സഖ്യം. സ്വർണക്കടത്ത്, തീവ്രവാദ ബന്ധങ്ങളിലെല്ലാം തന്നെ മുസ്ലിം ലീ​ഗ് നേതാക്കളുടെ ബന്ധുക്കൾക്കെതിരെ എൻ ഐ എ, കസ്റ്റംസ് അന്വേഷണം നീണ്ടപ്പോൾ തന്നെ ഒരു ഒത്തുതീർപ്പ് മണത്തിരുന്നു. സമുദായത്തെ ഒറ്റി കൊടുക്കുന്നതിൽ യാതൊരു മടിയും ഒരിക്കലും കാണിക്കാത്ത മുസ്ലിം ലീ​ഗ് ഒടുവിൽ ഒത്തുതീർപ്പിന് എത്തിച്ചേർന്നതാകട്ടെ ബി ജെ പിയുടെ മടയിലും. മതനിരപേക്ഷതയും, സമുദായ ഐക്യവും ഇന്നും നിലനിൽക്കുന്ന കേരളത്തിൽ ഇതെല്ലാം ബി ജെ പി അജണ്ടയുടെ കാൽക്കീഴിൽ വെച്ച് സ്വന്തം തടി കാക്കുന്നതിനുള്ള അശാന്ത പരിശ്രമത്തിന് യുവജന സംഘടനകളെ ഇളക്കി വിട്ടിരിക്കുകയാണ് മുസ്ലിം ലീ​ഗ്. കണ്ണിൽ പൊടിയിടാനുള്ള ആ പ്രതിഷേധത്തിൽ കോടി കണക്കിന് വരുന്ന വിശ്വാസികളുടെ വികാരങ്ങളേക്കാളും ലീ​ഗിന് പ്രാധാന്യം സ്വന്തം കച്ചോടം ഏത് വിധേനയും സംരക്ഷിക്കുക എന്നത് മാത്രമാണ്.

മന്ത്രി കെ ടി ജലീൽ വഴിവിട്ട് എന്തെങ്കിലും പ്രവർത്തിച്ചുവെന്ന് ഈ ഏജൻസികൾ ഒരിടത്തും സൂചിപ്പിച്ചിട്ടില്ല. വഖഫിന്റെ കൂടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ അദ്ദേഹം യു എ ഇ കോൺസുലേറ്റുമായി ബന്ധം പുലർത്തിയിരുന്നു. സൗഹൃദ രാജ്യം എന്ന നിലയിലുള്ള ബന്ധം യാതൊരു വിധത്തിലും ഇന്ത്യയുടെ ഐക്യത്തിനോ, അഖണ്ഡതയ്ക്കോ കോട്ടം വരുത്തുന്നതായിരുന്നില്ല. വസ്തുതകൾ ഇങ്ങനെയൊക്കെ ആയിരിക്കെ വിഷയത്തെ വളച്ചൊടിക്കേണ്ടത് തീവ്ര മുസ്ലിം വിരുദ്ധതയും, ഫാസിസ്റ്റ് നിലപാടുകളും കൈമുതലായുള്ള ബി ജെ പിയുടെ ആവശ്യമായിരുന്നു. സ്വർണം കടത്തിയത് നയതന്ത്ര ബാ​ഗേജിലാണെന്ന് പാർലമെന്റിലടക്കം വ്യക്തമാക്കിയിട്ടും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവർ അതിവി​ധ​​ഗ്ധമായി ഒളിച്ചു കളിക്കുകയാണ്. ഈ സ്വർണം സ്വീകരിച്ചതാകട്ടെ ലീ​ഗിന് പ്രിയപ്പെട്ടവരും. മുഖ്യമന്ത്രിയുടെ ഓഫിസിലടക്കം അന്വേഷണ ഏജൻസികൾ കയറി ഇറങ്ങുമെന്ന് മോഹിച്ചവർക്ക് ഇരുട്ടടിയായിരുന്നു യാഥാർഥ്യം. ഇതിൽ നിന്ന് മുഖം രക്ഷിക്കാൻ അവരൊരു രക്തസാക്ഷിയെ തേടുകയായിരുന്നു. ഒരു വെടിക്ക് രണ്ടു പക്ഷിയെന്ന പോലെ മന്ത്രി ജലീലിനേയും, വിശുദ്ധ ഖുറാനെയും ബന്ധപ്പെടുത്താൻ ലഭിച്ച അവസരം അവർ കൃത്യമായ തിരക്കഥ തയ്യാറാക്കി ഉപയോ​ഗിച്ചു. കൂടെ നിൽക്കാൻ മുസ്ലിം ലീ​ഗും, കോൺ​ഗ്രസും കൂടി തയ്യാറായതോടെ ആക്ഷൻ മസാല പടത്തിന് വേണ്ട എല്ലാ തീരുവകളും ആയി.

മുസ്ലിം ലീ​ഗിന് സമുദായത്തിനോട് എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ വിശുദ്ധ ​ഗ്രന്ഥത്തെ മറയാക്കി നടക്കുന്ന ഈ സമരത്തിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പാണക്കാട് തങ്ങൾ കൈക്കൊള്ളണം. സമുദായത്തെ വേദനിപ്പിച്ച്, വിശുദ്ധ ഖുറാനെ അവഹേളിച്ച് ബി ജെ പി വിളിക്കുന്ന മുദ്രാവാക്യങ്ങൾ ലീ​ഗ് നേതൃത്വത്തിന് തഖ്ബീർ ധ്വനികളാകും. പക്ഷേ വിശ്വാസികൾക്ക് അത് ഹൃദയം നുറുങ്ങുന്ന വേദനയാണ് സമ്മാനിക്കുന്നത്.

ഇടതു മുന്നണിക്ക് തുടർ ഭരണം ലഭിക്കുമെന്ന് ഉറപ്പായതിൽ നിങ്ങൾക്കുള്ള വേദന മനസിലാക്കുന്നു. ഇനിയുമൊരു അഞ്ച് കൊല്ലം കൂടി പിണറായി സർക്കാർ ഭരിച്ചാൽ കേരളത്തിലെ കോൺ​ഗ്രസിനെ ബി ജെ പി ഓഫിസിൽ കുടിയിരുത്തേണ്ടി വരുമെന്നും അറിയാം. ഇതെല്ലാം മുൻകൂട്ടി കാണാൻ കഴിയുന്ന സാഹിബുമാർ ഉള്ള പാർട്ടിയായ ലീ​ഗ് ഈ അവസരത്തിലും എന്ത് ഒത്തു തീർപ്പിനും കൂട്ടുനിൽക്കുമെന്നത് വ്യക്തമാണ്.

കോവിഡ് കഴിയുന്നതോടെ രാജ്യം നേരിടാൻ പോകുന്ന എൻ ആർ സി, സി എ എ വെല്ലുവിളികളും ബി ജെ പിയുമായി കൂട്ടുച്ചേർന്ന് മുസ്ലിം ലീ​ഗ് ഒറ്റിക്കൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്. സമുദായ സംരക്ഷകരെന്ന മുഖാവരണവുമായി നടക്കുന്ന പ്രസ്ഥാനത്തിന് സമുദായ ലാഭത്തേക്കാളുപരി കച്ചോട ലാഭമാണെന്നത് ബാബറി മസ്ജിദ് വിഷയത്തിലടക്കം കണ്ടതാണ്. അത്തരമൊരു ഒത്തുതീർപ്പിനാകും പൗരത്വ വിഷയത്തിലും ലീ​ഗ് എത്തിച്ചേരുക എന്ന് നിസംശയം പറയാം.

എന്തായാലും ജലീൽ വിഷയത്തിൽ വിജയം പ്രതീക്ഷിച്ചിരിക്കുന്ന പ്രതിപക്ഷത്തെ കാത്തിരിക്കുന്നത് കൊറോണ നൽകുന്ന പുരസ്കാരം മാത്രമായിരിക്കും. കേരളം മുഴുവൻ രോ​ഗം പരത്താൻ പ്രതിപക്ഷം കാണിച്ച സന്മനസിന് കോവിഡ് എന്നും നന്ദിയുള്ളവനായിരിക്കും.

Sharing is caring!