ജലീലിനെതിരായ സമരത്തില്‍ എതിര്‍പ്പുയര്‍ത്തി സമുദായ സംഘടനകളെത്തിയതോടെ മുസ്ലിംലീഗ് പ്രതിരോധത്തില്‍
മലപ്പുറം: മന്ത്രി ജലീലിനെതിരായ സമരത്തില്‍ എതിര്‍പ്പുയര്‍ത്തി സമുദായ സംഘടനകളെത്തിയതോടെ മുസ്ലിം ലീഗ് പ്രതിരോധത്തില്‍. ഖുര്‍ആന്‍ കൊണ്ടു വന്നത് പ്രധാന വിഷയമാക്കി ഉയര്‍ത്തുന്ന ബിജെപിയുടെ കെണിയില്‍ മുസ്ലിം ലീഗും യുഡിഎഫും വീണു എന്നതാണ് സമസ്ത ഉള്‍പ്പെടെയുള്ള സമുദായ സംഘടനകളുടെ വിമര്‍ശനം. മുസ്ലിം സമുദായത്തിന്റെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്ക മുസ്ലിം ലീഗിലെ ഒരുവിഭാഗം നേതാക്കള്‍ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. കെടി ജലീലിനോട് ശക്തമായ എതിര്‍പ്പുള്ള സമസ്തയിലെ ഒരുവിഭാഗത്തെ മുന്നില്‍ നിര്‍ത്തി ആരോപണങ്ങളെ പ്രതിരോധിക്കാനാണ് മുസ്ലീംലീഗിന്റെ ശ്രമം.
കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടനയായ സുന്നിയുവജന സംഘമാണ് എതിര്‍പ്പുമായി ആദ്യം രംഗത്തെത്തിയത്.അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്നും ഖുര്‍ആനെ അതിലേക്ക് വലിച്ചിഴക്കരുത്. വര്‍ഗ്ഗീയ വിഭജനത്തിനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ട് നില്‍ക്കണമെന്നുമായിരുന്നു സുന്നി യുവജന സംഘം ആവശ്യപ്പെട്ടത്.
എസ് വൈ എസ് പ്രസ്താവനയില്‍ പറഞ്ഞത്
കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണ്. വിമര്‍ശനങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താന്‍ ജനാധിപത്യപരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. അതേസമയം വിഷയത്തെ വര്ഗ്ഗീയവത്കരിക്കാന് ചിലര്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാവില്ല. ഇന്ത്യയുടെ സൗഹൃദരാജ്യമായ യുഎഇയില്‍ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധ ഖുര്‍ആനും റമളാന്‍ കിറ്റും വിതരണം ചെയ്തതിന്റെ പേരില്‍ പടച്ചുവിടുന്ന കോലാഹലങ്ങള്‍ രാജ്യതാല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത കാണിക്കണം.
മുജാഹിദ് വിഭാഗമായ കെഎന്‍എം മര്‍ക്കസ് ദു അവയും സര്‍ക്കുലര്‍ പുറത്തിറക്കി. മുസ്ലീംലീഗിനോട് ചേര്‍ന്ന് നില്ക്കുന്ന സമസ്ത ഇകെ വിഭാഗവും മന്ത്രി കെ ടി ജലീലിനെ പിന്തുണച്ചു. യുഎഇയുമായുള്ള ബന്ധത്തെ തകര്‍ക്കുമെന്ന് സത്താര്‍ പന്തല്ലൂര്‍ മുന്നറിയിപ്പ് നല്കി. യുഎഇയുമായി ബന്ധമുള്ള എല്ലാവരെയും ഭാവിയില്‍ സംശയത്തിന്റെ കണ്ണോടെ കാണാന്‍ ഇടവരുത്തുമെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കെടി ജലീലിനെ വേട്ടയാടുന്നുവെന്ന അഭിപ്രായം സമുദായത്തില്‍ ശക്തമായതോടെ മുസ്ലിംലീഗിലും ഭിന്നാഭിപ്രായം ഉയര്‍ന്നു. ഖുര്‍ആനെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധത്തിന് സിപിഎമ്മും ശ്രമം തുടങ്ങി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനം എഴുതി.മുസ്ലിം ലീഗും കോണ്‍ഗ്രസും ആര്‍എസ്എസ് അജണ്ടയുടെ വക്താക്കളായെന്ന് കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
സമസ്ത ഇകെ വിഭാഗത്തില്‍ കൂടെ നില്ക്കുന്ന വിഭാഗത്തെ മുന്നില്‍ നിര്‍ത്തി മറുവിഭാഗത്തിന്റെ നീക്കത്തെ പൊളിക്കാനാണ് മുസ്ലിം ലീഗ് ഇപ്പോള്‍ ശ്രമിക്കുന്നത്. കെടി ജലീല്‍ മതത്തെ മറയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് വിമര്‍ശിച്ച് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായ മുഹമ്മദ് ഫൈസി ഓണംപള്ളി രംഗത്തെത്തി. അറബ് നാടുകളില്‍ നിന്നും ഖുര്‍ആന്‍ കൊണ്ട് വരാതെ ആത്മദാഹം തീരാത്ത വിധം ജ്ഞാനദരിദ്രരല്ല കേരള മുസ്ലീംങ്ങളെന്ന് . യുഎഇയുമായി സുതാര്യബന്ധമാണ് ഇന്ത്യക്കുള്ളത്. സുതാര്യമായാണ് ഖുര്‍ആര്‍ കൊണ്ടു വരേണ്ടിയിരുന്നത്.തെറ്റുചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ തിരിച്ചറിയണമെന്നും ഇരുവിഭാഗവും വടികൊടുത്ത് അടി വാങ്ങരുതെന്നും മുഹമ്മദ് ഫൈസി ഓണംപള്ളി ഓര്‍മ്മിപ്പിക്കുന്നു. ഖുര്‍ആനെ മറയാക്കപികെ കുഞ്ഞാലിക്കുട്ടി എംപിയും സമാന പ്രസ്താവനയാണ് നടത്തിയിട്ടുള്ളത്.
യുഎഇയില്‍ നിന്നും മുസ്ലിം സമുദായത്തിന് ലഭിക്കുന്ന സഹായം ഇല്ലാതാക്കാനെ ഇപ്പോഴത്തെ വിവാദങ്ങള്‍ കൊണ്ടുണ്ടാകുകയുള്ളുവെന്നാണ് സംഘടനകളില്‍ നിന്നും ഉയരുന്ന വിമര്‍ശനം. ബിജെപിയുടെ ആരോപണങ്ങള്‍ക്കൊപ്പം മുസ്ലിം ലീഗ് നില്‍ക്കേണ്ടതില്ലെന്നാണ് സമുദായ സംഘടനകളുടെ അഭിപ്രായം.
RECENT NEWS
മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന്‍ കുല്ലിയ ഓഫ് ഇസ്ലാമിക് സയന്‍സ് സ്റ്റുഡന്‍സ് യൂണിയന് മിസ്ബാഹുല്‍ ഹുദയുടെ കീഴില്‍ സംഘടിപ്പിക്കുന്ന മഅ്ദിന്‍ ഇന്റലെക്ചല്‍ കോണ്‍ക്ലേവ് ഡിസംബര്‍ 25, 26 തീയതികളില്‍ മലപ്പുറം മഅദിന്‍ ക്യാമ്പസില്‍ നടക്കും. കേരളത്തിലെ പ്രമുഖരായ [...]