കടലുണ്ടിപ്പുഴയില്‍ എട്ടു കിലോമീറ്റര്‍ ഒഴുകിയെത്തിയ വയോധികയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

മഞ്ചേരി : കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വയോധികയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പന്തല്ലൂര്‍ കടമ്പോട് പറക്കോട്ട്പലത്ത് മുഹമ്മദിന്റെ ഭാര്യ ഓലിക്കല്‍ ഫാത്തിമയെന്ന എഴുപതുകാരിയാണ് ഒഴുക്കില്‍ പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. കടമ്പോട് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഫാത്തിമ. ശക്തമായ ഒഴുക്കില്‍ നീന്തലറിയാമെങ്കിലും ഫാത്തിമക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എങ്കിലും വെള്ളത്തില്‍ മലര്‍ന്ന് ഒഴുകാനായത് ഇവര്‍ക്ക് രക്ഷയായി. പുഴയിലൂടെ സ്ത്രീ ഒഴുകി പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരന്‍ മൊബൈല്‍ ഫോണില്‍ ആനക്കയം ചെക്ക്പോസ്റ്റ്കടവിലുള്ള മണല്‍ തൊഴിലാളികള്‍ക്ക് വിവരം കൈമാറുകയായിരുന്നു. എട്ടു കിലോമീറ്റര്‍ ഒഴുകിയെത്തിയ ഫാത്തിമയെ ആനക്കയം ചെക്ക് പോസ്റ്റ് കടവില്‍ വെച്ച് മണല്‍ തൊഴിലാളികള്‍ കരയ്ക്കു കയറ്റുകയായിരുന്നു. ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട ഫാത്തിമ വൈകീട്ടോടെ അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Sharing is caring!