കരിപ്പൂര്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിവരത്തില്‍ പോലും കൃത്യതയില്ലാതെ കേന്ദ്ര സര്‍ക്കാര്‍

കരിപ്പൂര്‍ ദുരന്തത്തില്‍  മരണമടഞ്ഞവരുടെ  വിവരത്തില്‍ പോലും  കൃത്യതയില്ലാതെ  കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ എത്ര പേര്‍ മരണമടഞ്ഞു എന്നതില്‍ പോലും കൃത്യതയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ മറുപടി. വിമാനത്താവളവുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്പുരി നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ദുരന്തത്തിലുള്ള ഗുരുതര നിസ്സംഗത മറനീക്കി പുറത്തു വന്നിരിക്കുന്നത്. അപകടത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം, ചികിത്സാ സഹായം തുടങ്ങിയവയെ പറ്റിയുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ ദുരന്തത്തില്‍ മരണപെട്ടവര്‍ ആകെ പതിനെട്ടു പേരാണന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദുരന്തത്തില്‍ ക്യാപ്റ്റനടക്കം ഇരുപത്തിയൊന്നു പേര്‍ കൊല്ലപ്പെട്ടുവെന്നിരിക്കെ എങ്ങനെയാണ് മന്ത്രാലയം ഇങ്ങനെയൊരു മറുപടി നല്‍കിയിരിക്കുന്നത് എന്നത് ആശ്ചര്യാജനകമാണന്ന് പികെ കുഞ്ഞാലികുട്ടി എംപി പ്രതികരിച്ചു. മറുപടിയിലെ തെറ്റു ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എയര്‍ ഇന്ത്യ ക്രൂമെമ്പര്‍മാരും പത്തൊമ്പത് യാത്രക്കാരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. നേരത്തെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വ്യക്തിക്ക് കോയമ്പത്തൂരില്‍ വിദഗ്ദ്ധ ചികില്‍സ ഉറപ്പാക്കാന്‍ എയര്‍ഇന്ത്യ വിസമ്മതിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ജനപ്രതിനിധികളടക്കം ഇടപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍ത്സ ചിലവ് ചികിത്സക്ക് ശേഷം അനുവദിക്കാമെന്ന് എയര്‍ ഇന്ത്യ നിലപാടെടുക്കുയായിരുന്നു.

Sharing is caring!