റെയില്‍വേ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു

റെയില്‍വേ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് വി. അബ്ദുറഹ്മാന്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു

താനൂര്‍: പതിറ്റാണ്ടുകളായുള്ള താനൂരുകാരുടെ റെയില്‍വേ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് ആവശ്യത്തിന് പരിഹാരമായി. താനൂര്‍ റെയില്‍വേ ഫൂട്ട്ഓവര്‍ ബ്രിഡ്ജ് ഇരുഭാഗവും നീട്ടി വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ജനങ്ങള്‍ക്ക് തുറന്നു നല്‍കി. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ അധ്യക്ഷയായി.

വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 86.36 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. റെയില്‍വേ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇരുഭാഗത്തേക്കും നീട്ടിയതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും പ്രദേശവാസികളുടെയും ദുരിതത്തിന് വിരാമമായി. കാട്ടിലങ്ങാടി സ്‌കൂളിലേക്ക് ബസിറങ്ങി പോകുന്ന വിദ്യാര്‍ഥികള്‍ റെയില്‍വേ പാളം മുറിച്ച് കടന്നായിരുന്നു യാത്ര ചെയ്തിരുന്നത്. അപകടകരമായ ഈ സാഹചര്യം ഒഴിവാക്കുന്നതിനാണ് റെയില്‍വെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഇരുഭാഗത്തേക്കും നീട്ടിയത്.

ഏറെക്കാലമായി കാട്ടിലങ്ങാടി, ഒഴൂര്‍ പ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങലൊന്നായിരുന്നു ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എക്സ്റ്റന്‍ഷന്‍. ബസ് സ്റ്റാന്‍ഡില്‍ നിന്നും വരുന്നവര്‍ക്ക് കാട്ടിലങ്ങാടി ഭാഗത്തേക്ക് ഇറങ്ങാവുന്ന രീതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. എല്‍.എസ്.ജി.ഡിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവൃത്തി നടത്തിയത്.
നഗരസഭ കൗണ്‍സിലര്‍മാരായ ഇ.ദിനേശന്‍, കെ.ബാബു, ലാമിഹ് റഹ്മാന്‍, കെ ജനചന്ദ്രന്‍, ഇ.ജയന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ആബിദ് പരാരി, ഒ.സുരേഷ് ബാബു, ഹംസു മേപ്പുറത്ത്, എ.പി സിദ്ധീഖ്, ബാപ്പു വടക്കയില്‍ എന്നിവര്‍ സംസാരിച്ചു.

Sharing is caring!