ബാലികയെ പീഡിപ്പിച്ച യുവാവ് കോടതിയില്‍ കീഴടങ്ങി

മഞ്ചേരി : പന്ത്രണ്ട് വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിലെ പ്രതി ഇന്നലെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങി. വേങ്ങര കണ്ണമംഗലം ചോലക്കല്‍ മുഹമ്മദ് (43) ആണ് ജഡ്ജി ടി പി സുരേഷ് ബാബു മുമ്പാകെ കീഴടങ്ങിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2018 സെപ്തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 27 വരെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
തിരൂരങ്ങാടി കുന്നുംപുറം പാലിയേറ്റീവ് സെന്റര്‍ ജീവനക്കാരനായ പ്രതി സ്ഥാപനത്തില്‍ വെച്ചും കുന്നുംപുറം പാവില്‍ ക്വാര്‍ട്ടേഴ്സില്‍ വെച്ചുമാണ് പീഡിപ്പിച്ചത്. അര്‍ബുദ ബാധിതരായി ചികിത്സക്കെത്തിയമാതാപിതാക്കള്‍ക്കൊപ്പം വന്നതായിരുന്നു ബാലിക. മാതാപിതാക്കള്‍ മരണപ്പെട്ടതോടെ കുട്ടിയെ നാദാപുരത്തുള്ള സഹോദരന്റെ വീട്ടിലേക്കയച്ചു. 2020 മെയ് 25നാണ് കുട്ടി പരാതി നല്‍കിയത്.
പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തിരൂരങ്ങാടി സി ഐ എം ജി വിനോദ് കസ്റ്റഡിയില്‍ വാങ്ങി.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *