താന്‍ തട്ടിപ്പുകാരനാണെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് മന്ത്രി ജലീല്‍

താന്‍ തട്ടിപ്പുകാരനാണെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞാല്‍  രാഷ്ട്രീയ പ്രവര്‍ത്തനം  അവസാനിപ്പിക്കാമെന്ന്  മന്ത്രി ജലീല്‍

തിരുവനന്തപുരം: താന്‍ ഒരുതെറ്റും ചെയ്തിട്ടില്ലെന്നും ചെറിയൊരു വീഴ്ചയെങ്കിലും തനിക്കുണ്ടായി എന്ന് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറയുമോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി ജലീലിന്റെ ചോദ്യം. ഇ.ഡി ചോദ്യം ചെയ്തകാര്യം താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. തികച്ചും രഹസ്യമായാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ എന്നെ അറിയിക്കുന്നത്. അക്കാര്യം ഞാനും രഹസ്യമാക്കിവെച്ചു. അവര്‍ക്ക് വിവരം കൈമാറിയതും രഹസ്യമായാണ്. അവര്‍ പറഞ്ഞ രഹസ്യം ഞാനായിട്ട് പൊളിക്കണ്ട എന്നു മാത്രമാണ് കരുതിയത്. അതില്‍ അല്‍പം കുസൃതി മാത്രമാണ് സൂക്ഷിച്ചത്. പക്ഷേ അപ്പോഴേക്കും മാധ്യമങ്ങളോട് താനൊരു കള്ളം പറഞ്ഞു എന്ന പേരിലാണ് എന്നെ വിചാരണ ചെയ്തു തുടങ്ങിയത്. ജലീല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ വിസ്തരിച്ച് പറയേണ്ടതുണ്ട്. ഏതെങ്കിലും പീടികക്കോലായയില്‍ കയറിനിന്ന് പറയേണ്ട കാര്യമല്ല ഇത്. താനും ഒരു മനുഷ്യനാണ്. തനിക്കും ഒരു കുടുംബമുണ്ട്. എന്റെ ഉപ്പ ആകെ അസ്വസ്ഥനാണ്. മക്കള്‍ അസ്വസ്ഥരാണ്. എന്റെ ഉപ്പ രാഷ്ട്രീയത്തിലേക്കു കടന്നുവരുമ്പോള്‍ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. നീ അന്യന്റെ ഒരു മുതലും അപഹരിക്കരുത്. അന്യായമായി യാതൊന്നും സമ്പാദിക്കരുത്. ഇക്കാര്യത്തില്‍ എന്റെ പിതാവിന് ഞാന്‍ കൊടുത്ത ഉറപ്പ് ഇപ്പോഴും എനിക്ക് പാലിക്കാനായിട്ടുണ്ട്. ഈ പറയപ്പെടുന്ന നുണക്കഥകളില്‍ ഒരു തരിമ്പെങ്കിലും തനിക്ക് പങ്കുണ്ടെന്ന് ആരെങ്കിലും തെളിയിച്ചാല്‍ ആ നിമിഷം ഞാന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.

എന്റെ വീട്ടില്‍ ആരും സ്വര്‍ണം ഉപയോഗിക്കാറില്ല. ഭാര്യ ഉപയോഗിക്കാറില്ല. ഭാര്യക്ക് മുപ്പത് പവന്റെ സ്വര്‍ണമുണ്ടായിരുന്നു. അതെല്ലാം വീടുവെച്ചപ്പോള്‍ അതിനായി വില്‍ക്കേണ്ടി വന്നു. പിന്നീട് വീട്ടില്‍ ഒരു തരി സ്വര്‍ണംപോലുമില്ല. രണ്ടു പെണ്‍മക്കളും സ്വര്‍ണം ഉപയോഗിക്കാറില്ല. മകള്‍ക്ക് വിവാഹ സമയത്ത് ആകെ നല്‍കിയത് ആറായിരം രൂപയുടെ മുത്തുമാലയാണ്. അവള്‍ക്ക് മഹറായി കിട്ടിയത് പരിശുദ്ധ ഖുര്‍ആനാണ്.

മുസ്ലിം ലീഗില്‍ നിന്നാണ് തനിക്കെതരേ ഉയരുന്ന ആരോപണങ്ങള്‍. മുസ്ലിം ലീഗില്‍ ഇന്നുവരേ ഒരാളെയും തെറ്റു ചെയ്തതിന്റെ പേരില്‍ പുറത്താക്കിയ ചരിത്രമില്ല. എം.സി കമറുദ്ദീന്‍ ഇതിന്റെ ഏറ്റവും അവസാനത്തെയാളാണ്. ഇപ്പോള്‍ തനിക്കെതിരേ സമരരംഗത്തുള്ളവരേക്കുറിച്ചും എന്തെല്ലാം പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പേരൊന്നും പറയുന്നില്ല. കോണ്‍ഗ്രസും ബി.ജെ.പിയും തനിക്കെതിരേ സമരം നടത്തുന്നത് തന്നെ അറിയാഞ്ഞിട്ടാണെന്നങ്കിലും പറയാം. എന്നാല്‍ എന്നെ കൂടുതലായി മനസിലാക്കിയിട്ടുള്ള മുസ്ലിം ലീഗിന്റെ നേതാക്കള്‍ എന്നെക്കുറിച്ച് ഞാനൊരു അഴിമതി നടത്തിയെന്നു പറയുമോ? സാക്ഷാല്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് പറയുമോ? ഹൈദരലി ശിഹാബ് തങ്ങള്‍ താന്‍ തെറ്റു ചെയ്തെന്ന് നെഞ്ചില്‍ കൈവെച്ച് പറയുമോ? ഖുര്‍ആനില്‍ തൊട്ട് തങ്ങള്‍ സത്യം ചെയ്യണം. ഞാനും സത്യം ചെയ്യാം.

ജലീല്‍ തട്ടിപ്പുകാരനാണെന്നും വെട്ടിപ്പുകാരനാണെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞാല്‍ താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കാലത്ത് ഒരു നയാപൈസ അവിഹിതമായി നേടിയെന്നോ തട്ടിപ്പു നടത്തിയെന്നോ അദ്ദേഹം പറയുമോ? മുസ്ലിം ലീഗില്‍ എല്ലാത്തിനും അനുവാദമുണ്ടായിരുന്ന കാലത്തായിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചത്. അന്നു ചെയ്തിട്ടില്ലാത്ത എന്തു തെറ്റാണിപ്പോള്‍ ചെയ്തുവെന്ന് അവര്‍ പറയുന്നത്.
2006ല്‍ കുറ്റിപ്പുറത്തു നിന്ന് മുസ്ലിം ലീഗിന്റെ സീറ്റ് ഞാന്‍ പിടിച്ചെടുത്തു. അന്നു തുടങ്ങിയ പകയാണവര്‍ക്ക്. തുടര്‍ന്ന് രണ്ടു തവണ തവനൂരില്‍ നിന്ന് വിജയിച്ചു. ഇപ്പോള്‍ മന്ത്രിയായി. ഇതൊന്നും സഹിക്കാത്തവരാണ് തനിക്കെതിരേ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ജലീല്‍ വ്യക്തമാക്കി

Sharing is caring!