കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകള്‍

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍  നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകള്‍

മലപ്പുറം: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര പ്രതിദിന സര്‍വീസുകള്‍. നേരത്തെ ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങളില്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് ഇനി മുതല്‍ പ്രതിദിന സര്‍വീസുകളാക്കി മാറ്റുന്നത്.കരിപ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്നു ദിവസം സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ വിമാനം ഈ മാസം 16 മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസ് നടത്തും. ഹൈദരാബാദ് ഇന്‍ഡിഗോ വിമാനവും ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. 17 മുതല്‍ കരിപ്പൂര്‍-ഹൈദരാബാദ് ഇന്‍ഡിഗോ സര്‍വീസ് പ്രതിദിനമാക്കാന്‍ കമ്പനി തീരുമാനിച്ചു. സമാനമായ രീതിയില്‍ ഇന്‍ഡിഗോയുടെ മുംബൈ സര്‍വീസും കരിപ്പൂരില്‍ നിന്ന് ആരംഭിച്ചു. ഇതോടെ മറ്റു കണക്ഷന്‍ ഫ്‌ലൈറ്റുകള്‍ വഴി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും
ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ബിസിനസ്-വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കും പുതിയ തീരുമാനം ഏറെ ഉപകാരപ്രദമാകും. ആഭ്യന്തര സര്‍വീസുകളുടെ എണ്ണം കൂടുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രതീക്ഷകള്‍ക്കാണ് വഴിതുറക്കുന്നത്.
അതേസമയം സര്‍വീസുകളുടെ സമയക്രമങ്ങളും പുനക്രമീകരിച്ചു. ഈ മാസം 17 മുതല്‍ പ്രതിദിന സര്‍വീസായി മാറുന്ന ഇന്‍ഡിഗോ മുംബൈ വിമാനം ഉച്ചക്ക് 12.30 ന് മുംബൈയില്‍ നിന്ന് പുറപ്പെട്ട് 2.35 ന് കരിപ്പൂരിലെത്തും. തിരിച്ച് ഉച്ചക്ക് 3.05 ന് പുറപ്പെട്ട് 4.55 നാണ് മുംബൈയിലെത്തുക. ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഹൈദരാബാദ് ഇന്‍ഡിഗോ വിമാനം രാവിലെ എട്ടിന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 9.45 ന് കരിപ്പൂരിലെത്തും. 10.15 ന് മടങ്ങുന്ന വിമാനം 12 ന് ഹൈദരാബാദിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 4.20 ന് ഹൈദരാബാദില്‍ നിന്ന് പുറപ്പെട്ട് 6.05നാണ് കരിപ്പൂരിലെത്തുക. 6.35 ന് മടങ്ങുന്ന വിമാനം 8.20 ന് ഹൈദരാബാദിലെത്തും. അതേസമയം ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ നിന്നും ഉച്ചക്ക് 2 മണിക്ക് പുറപ്പെട്ട് കണ്ണൂര്‍ വഴി വൈകുന്നേരം 6.35 നു കോഴിക്കോടെത്തും. തിരിച്ചു രാത്രി എട്ടുമണിക്ക് പുറപ്പെട്ടു 11 മണിയോടെ ഡല്‍ഹിയിലെത്തും.

Sharing is caring!