സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ലെന്ന് മന്ത്രി ജലീല്‍

സത്യമേ ജയിക്കൂ. സത്യം മാത്രം.  ലോകം മുഴുവന്‍ എതിര്‍ത്താലും  മറിച്ചൊന്നും സംഭവിക്കില്ലെന്ന് മന്ത്രി ജലീല്‍

മലപ്പുറം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തില്‍ ഒടുവില്‍ പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍. മന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തി പ്രതിപക്ഷം പോര്‍മുഖത്തിറങ്ങിയതോടെയാണ് മന്ത്രി ഫേസ്ബുക്കില്‍ മറുപടിയുമായെത്തിയത്.
രണ്ടുവരിയില്‍ മാത്രം അവസാനിക്കുന്ന മറുപടിയില്‍ സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്നും സംഭവിക്കില്ല എന്നുമാത്രമാണ് മന്ത്രിയുടെ പ്രതികരണം. ഇ.ഡി. ചോദ്യം ചെയ്തതിനെ തള്ളാനോ കൊള്ളാനോ പോകാതെ ഈ വരിയില്‍ ഒതുക്കിയിരിക്കുകയാണ് മറുപടി.
അതേ സമയം ഈ പ്രശ്നത്തില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ഡല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ജലീല്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
അതേ സമയം മന്ത്രി കെ.ടി ജലീലിനെ ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തില്‍ മന്ത്രിയുടെ രാജി ആവശ്യമുയര്‍ത്തി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വി.ഡി സതീശന്‍, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവരെല്ലാം ഇതിനോടകം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. ബി.ജെ.പി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികളിലേക്കും ഇറങ്ങുകയാണ്. ധാര്‍മികതയുണ്ടെങ്കില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എത്രകാലം മുഖ്യമന്ത്രിക്ക് ജലീലിനെ സംരക്ഷിക്കാനാകുമെന്നും ജലീല്‍ തലയില്‍ മുണ്ടിട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
ഇന്നു രാവിലെ കൊച്ചിയില്‍ നിന്നാണ് ചോദ്യം ചെയ്തത്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ മന്ത്രിയോ മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളോ ഇതുവരെ തയാറായിട്ടില്ല.
ആലുവയില്‍ ഉണ്ടായിരുന്ന മന്ത്രിക്കരികിലേക്ക് ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരെത്തി നേരില്‍ കണ്ടത്.
ഇന്നലെ ഇതുവരെ എന്‍ഫോഴ്‌സ്‌മെന്റ തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇതുവരെ നോട്ടിസ് പോലും ലഭിച്ചിട്ടില്ലെന്നുമായിരുന്നു കെ.ടി ജലീലിന്റെ പ്രതികരണം. മന്ത്രിയെ ചോദ്യം ചെയ്ത കാര്യവും ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് മേധാവിയാണ് പിന്നീട് ഇക്കാര്യം സ്വകാര്യ ചാനലിനോട് സ്ഥിരീകരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സിയും ജലീലില്‍ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.

Sharing is caring!