ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര് സമസ്ത ട്രഷറര്‍
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായി ചേലക്കാട് എ മുഹമ്മദ് മുസ്ലിയാരും മുശാവറ മെമ്പറായി എം.വി ഇസ്മാഈല്‍ മുസ്ലിയാര് കുമരനല്ലൂരും തെരഞ്ഞെടുക്കപ്പെട്ടു. സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാരെ ട്രഷററായി തെരഞ്ഞെടുത്തത്. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര് നിരവധി ശിഷ്യരുടെ ഗുരുവും വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. വയനാട്ടിലെ വാളാട് ജുമുഅത്ത് പള്ളിയില്‍ 45 കൊല്ലം ഖാസിയായി സേവനം ചെയ്ത തന്റെ പിതാവാണ് ആദ്യ ഗുരു. പിന്നീട് നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേല്‍മുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം 1962ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്, കുട്ടി മുസ്ലിയാര് ഫള്ഫരി, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്, മുഹമ്മദ് ശീറാസി, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്, ശൈഖ് ഹസന് ഹസ്രത്ത്, ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവര്‍ പ്രധാന ഗുരുക്കളാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയ ശേഷം അണ്ടോണ, കൊളവല്ലൂര്‍, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്, ചേലക്കാട് എന്നിവിടങ്ങളിലും, 11 വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 7 വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളേജിലും, 6 വര്‍ഷം മടവൂര്‍ സി.എം മഖാം അശ്അരി കോളേജിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്.
മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഇസ്മാഈല്‍ മുസ്ലിയാര് പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശിയാണ്. മണ്ണാരവളപ്പില്‍ കുഞ്ഞാലിയുടെയും ഉമ്മയ്യഉമ്മയുടെയും മകനായി 1945ലാണ് ജനനം. മാരായംകുന്ന്, കുമരനല്ലൂര്‍, കുളത്തോള്‍, വളവന്നൂര്‍, കാനാഞ്ചേരി, പടിഞ്ഞാറങ്ങാടി, ചെറുകുന്ന് എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നാണ് ബിരുദം നേടിയത്. ചൊവ്വലൂര്‍ ജുമുഅത്ത് പള്ളിയില്‍ 35 വര്‍ഷം മുദരിസായി സേവനം ചെയ്ത ശേഷം 2005 മുതല്‍ മാണൂര്‍ ദാറുല്‍ ഹിദായ ദഅ്വ കോളേജിന്റെ പ്രിന്‍സിപ്പളായി സേവനം തുടരുന്നു. നിലവില്‍ സമസ്ത പൊന്നാനി താലൂക്ക് പ്രസിഡന്റും ജില്ലാ മുശാവറ അംഗവുമാണ്. വിവിധ മഹല്ലുകളിലെ ഖാസിയും കൂടിയാണ് ഇസ്മാഈല്‍ മുസ്ലിയാര്.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര് സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര് കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്, ഒ മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര് നെല്ലായ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്, വി. മൂസക്കോയ മുസ്ലിയാര്, എ മരക്കാര്‍ മുസ്ലിയാര്, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം മൊയ്തീന് കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്, ഇ.എസ് ഹസ്സന് ഫൈസി, ഐ.ബി ഉസ്മാന് ഫൈസി, ഒ.ടി മൂസ മുസ്ലിയാര്, ഇ.കെ മഹ്മൂദ് മുസ്ലിയാര്, എം.എം അബ്ദുല്ല ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്, പി.എം അബ്ദുസ്സലാം ബാഖവി ചര്‍ച്ചയില്‍ പങ്കെടുത്തു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]