കോട്ടപ്പടി മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

കോട്ടപ്പടി മാര്‍ക്കറ്റ് സമുച്ചയത്തിന്റെ  ശിലാസ്ഥാപനം നിര്‍വഹിച്ചു

മലപ്പുറം: മലപ്പുറം നഗരസഭയുടെ സ്വപ്ന പദ്ധതിയായ കോട്ടപ്പടിയിലെ അത്യാധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനിലൂടെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശിലാസ്ഥാപന കര്‍മം പി. ഉബൈദുള്ള എം.എല്‍.എയും നിര്‍വഹിച്ചു. 12.85 കോടി രൂപ ചെലവിലാണ് കോട്ടപ്പടി അത്യാധുനികമാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുന്നത്. നഗരഹൃദയത്തില്‍ നാലു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന് 5,616 ചതുരശ്ര മീറ്റര്‍ പ്ലിന്ത് ഏരിയയുണ്ട്. താഴത്തെ നിലയില്‍ മത്സ്യ-പച്ചക്കറി വില്‍പ്പനക്കായി 43 മുറികളും ഒന്നാം നിലയില്‍ 43 കടമുറികളും രണ്ടാം നിലയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളും ട്രേഡ് സെന്ററുകളും നിര്‍മിക്കും. കൂടാതെ കെട്ടിടത്തിന്റെ മുകളിലെ നിലയിലും താഴത്തെ നിലയിലും പാര്‍ക്കിങ് സൗകര്യമൊരുക്കും. മാലിന്യ സംസ്‌ക്കരണ പ്ലാന്റ്, മിനി ഗാര്‍ഡന്‍, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളും കെട്ടിടത്തിലുണ്ടാകും.
വാഹനങ്ങള്‍ ലിഫ്റ്റ് ഉപയോഗിച്ച് മുകളിലേക്കെത്തിച്ച്പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുക. 150 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഇതോടെ കോട്ടപ്പടിയിലെ ഗതാഗത കുരുക്കിന് പരിഹാരമാവും. കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്ന് വായ്പയെടുത്താണ് ഈ ബൃഹത് പദ്ധതി തുടങ്ങുന്നത്.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ശരീഫ്, ഫസീന കുഞ്ഞിമുഹമ്മദ്, റജീന ഹുസൈന്‍, സ്ഥിരം സമിതി അധ്യക്ഷരായ പരി അബ്ദുല്‍ മജീദ്, പി.എ. സലിം, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!