കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മലപ്പുറത്ത് ഹൈവേ തടഞ്ഞ 500ഓളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്  മലപ്പുറത്ത് ഹൈവേ തടഞ്ഞ  500ഓളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മലപ്പുറത്ത് ഹൈവേ തടഞ്ഞ അഞ്ഞൂറോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മലപ്പുറം കുന്നുമ്മലില്‍ ഹൈവേ ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ മലപ്പുറം പോലീസാണ് കേസെടുത്തത്.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും റോഡ് ഉപരോധിച്ച് ലഹള നടത്തിയതിനുമാണ് കേസെടുത്തത്. എസ്.ഡി.പി.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്.പി.അമീര്‍ അലിയെയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി.എ.റഊഫിനേയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ ഹൈവേ ഉപരോധത്തിന്റെ ഭാഗമായാണ് മലപ്പുറത്ത് സമരം നടന്നത്. രാവിലെ പത്തോടെ നടന്ന സമരത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. മുണ്ടുപറമ്പ് ബൈപ്പാസിലൂടെ വാഹനങ്ങള്‍ പൊലീസ് വഴി തിരിച്ചുവിട്ടു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുയിടങ്ങളില്‍ ആളുകള്‍ കൂടുന്നതിന് കര്‍ശന നിയന്ത്രണമുള്ള സാഹചര്യത്തിലാണ് നഗരത്തില്‍ നിരവധി പ്രവര്‍ത്തകര്‍ സംഗമിച്ചത്.
അതേ സമയം കേരളത്തിലെ പോലീസ് സംവിധാനത്തെ ആര്‍എസ്എസ് വല്‍ക്കരിക്കാനുള്ള പോലീസിലെ ചില ശക്തികളുടെ ശ്രമത്തിന് പിണറായി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സിപിഎ. ലത്തീഫ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ ഒക്കെ കേട്ടുകേള്‍വിയുള്ള തരത്തില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ നിരപരാധികളായ പൊതുസമൂഹത്തെ വര്‍ഗീയ , വംശീയ അധിക്ഷേപം നടത്തി പരീക്ഷിക്കുകയും ക്രൂരമായി മൂന്നാംമുറ ഉപയോഗിച്ചുകൊണ്ട് പൊതുജനത്തെ അങ്ങേയറ്റം പീഡിപ്പിക്കുകയും ചെയ്യുന്ന ക്രൂര വിനോദം കേരളത്തിലും തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും പറഞ്ഞു.
നേതാക്കള്‍ക്കെതിരെ പോലീസ് എടുത്ത നടപടി പിന്‍വലിക്കണമെന്നും അവരെ മോചിപ്പിക്കുന്നതുവരെ എസ് ഡി പി ഐ പ്രക്ഷോഭ രംഗത്ത് ഉണ്ടാവുമെന്നും അദ്ദേഹം അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ പോലീസ് സംവിധാനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ പിണറായി വിജയന്‍ നിസ്സഹായനായി മാറുന്നു എന്നത് വസ്തുതയാണ്. അദ്ദേഹം കേരളത്തില്‍ ഏറ്റവും കഴിവുകെട്ട ആഭ്യന്തര വകുപ്പ് മന്ത്രിയായി ചരിത്രം വിശേഷിപ്പിക്കുമെന്നതില്‍ യാതൊരു സംശയ വുമില്ല സ്വന്തം വകുപ്പിന് കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെ നിലക്ക് നിര്‍ത്താനോ അവര്‍ കാണിക്കുന്ന ജനാധിപത്യവിരുദ്ധ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയിടാനോ പിണറായി സര്‍ക്കാരിന് സാധ്യമാകുന്നില്ല എന്നത് കഴിഞ്ഞ കാലങ്ങള്‍ നമുക്ക് വ്യക്തമായതാണ്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ പൊതു സമൂഹം ജനാധിപത്യ മൂല്യം സംരക്ഷിക്കുന്നതിനും പൗരാവകാശം സംരക്ഷിക്കുന്നതിനും പോരാട്ടഭൂമിയില്‍ ശക്തമാകണമെന്ന് എസ്ഡിപിഐ നേതാക്കള്‍ ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് സാദിഖ് നടുത്തൊടി, ജനറല്‍ സെക്രട്ടറി എകെ. അബ്ദുല്‍ മജീദ് , സംസ്ഥാന സമിതി അംഗം ഡോ. സിഎച്ച്. അശ്റഫ് , ജില്ലാ സെക്രട്ടറി അഡ്വ. കെസി. നസീര്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അഹദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ, മണ്ഡലം നേതാക്കള്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
ശക്തമായ പോലീസ് സന്നാഹത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അറസ്റ്റിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.

Sharing is caring!