കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് ശശിതരൂര്‍

കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് യു.ഡി.എഫിനെ ശക്തിപ്പെടുത്തുമെന്ന് ശശിതരൂര്‍

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലീംലീഗ് കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് ചുമതല ഇടി മുഹമ്മദ് ബഷീറിനാണെന്നും ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ അനിവാര്യമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തില്‍ ആ ഘട്ടം വരുമ്പോള്‍ തീരുമാനമെടുക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫിന് പുറത്ത് പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ല. നീക്കുപോക്കുകള്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയുടെ പൂര്‍ണ ചുമതലയാണ് മുസ്ലീംലീഗ് കുഞ്ഞാലിക്കുട്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്.
അതേ സമയം മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് യുഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് ശശി തരൂര്‍ എംപി. കുഞ്ഞാലിക്കുട്ടിയുടെ മടക്കം പാര്‍ലമെന്റിന് കനത്ത നഷ്ടമായിരിക്കുമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ നയിക്കാന്‍ എന്റെ സഹപ്രവര്‍ത്തകന്‍ പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോവുകയാണ്. പാര്‍ലമെന്റിന് അതൊരു നഷ്ടമാണ് എന്നിരിക്കെ തന്നെ കേരളത്തില്‍ യുഡിഎഫിന്റെ പ്രകടനത്തെ മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പരിചയസമ്പത്തും ജനസമ്മിതിയും സഹായിക്കും-ശശി തരൂരിന്റെ ട്വിറ്റില്‍ പറയുന്നു.

Sharing is caring!