മേല്‍മുറിയില്‍ റോഡരികില്‍ പച്ചക്കറി കച്ചവടം നടത്തുന്നയാള്‍ വാഹനാപകടത്തില്‍ മരിച്ചു

മേല്‍മുറിയില്‍ റോഡരികില്‍  പച്ചക്കറി കച്ചവടം  നടത്തുന്നയാള്‍ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം: മേല്‍മുറിയില്‍ റോഡരികില്‍ പച്ചക്കറി കച്ചവടം നടത്തുന്നയാള്‍ വാഹനാപകടത്തില്‍ മരിച്ചു. മേല്‍മുറി 27 ല്‍ റോഡരികിലാണ് അപകടം. മേല്‍മുറിക്കാരന്‍ തന്നെയായ കൂത്രാടന്‍ അലി (67)യാണ് മരണപ്പെട്ടത്. സമീപത്തെ വയലില്‍ നടത്തുന്ന കൃഷിയില്‍ നിന്നുള്ള വിളകള്‍ റോഡരികില്‍ കൂട്ടിയിട്ട് വില്‍ക്കുന്നയാളാണ് ഇദ്ദേഹം. പതിവുപോലെ രാവിലെ കച്ചവടത്തിനെത്തിയതിനിടെ കച്ചവട കേന്ദ്രത്തിന് മുന്നില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പെടുകയായിരുന്നു. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. മൃതദേഹം മലപ്പുറം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലൊണ് സംഭവം.
അതേ സമയം ഹോട്ട് സ്‌പോട് മേഖലകളിലൊഴികെ മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ പുതിയ ഇളവുകള്‍കള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ്‌സോണില്‍ തുടരുന്ന മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇന്ന് മുതല്‍ നേരിയ ഇളവുകളാണ് പ്രാബല്യത്തിലാക്കിയത്.. ലോക് ഡൗണ്‍ കാലാവധി തീരുന്ന മെയ് മൂന്ന് വരെ നിലനില്‍ക്കുന്ന ഇളവുകളാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. അതേസമയം ഹോട്ട് സ്‌പോട് മേഖലകളായി തുടരുന്ന മുനിസിപ്പാലിറ്റികളിലെ വാര്‍ഡുകളിലും പഞ്ചായത്തുകളിലും ഈ ഇളവുകള്‍ ബാധകമായിരിക്കില്ല. മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ.ആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയാണ് ജില്ലയിലെ ഹോട്ട് സ്പോടുകള്‍.
ജില്ലാ കലക്ടറുടെ ഉത്തരവില്‍ പ്രവര്‍ത്തനാനുമതി ലഭിച്ച മേഖലകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ആയുഷ് ഉള്‍പ്പടെയുള്ള ആരോഗ്യ സേവന മേഖലകള്‍

2. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍, വെള്ളപ്പൊക്കം തടയുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തികള്‍ക്ക്

3. കൃഷിയും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും

4. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിനും ഹാര്‍ബറുകളിലോ ഫിഷ് ലാന്റിംഗ് സെന്ററുകളിലോ എത്തിച്ച് വില്‍പന നടത്തുന്നതിനും. ആളുകള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് വില്‍പ്പന നടത്താം. സാമൂഹിക അകലം ഉറപ്പ് വരുത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലാവും പ്രവര്‍ത്തനങ്ങള്‍.

5. ഗ്രാമീണ മേഖലകളില്‍ പ്ലാന്റേഷന്‍ ജോലികള്‍ പരമാവധി 33 ശതമാനം ജോലിക്കാരെ ഉപയോഗിച്ച് ചെയ്യുന്നതിന്.

6. മൃഗപരിപാലനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍

7. ഹോട്ട് സ്‌പോട് മേഖലയില്‍ ഉള്‍പ്പെടാത്ത സഹകരണബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ബാങ്കിംഗ് ഇതര സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും തുറക്കാന്‍ പാടില്ല. ഹോട് സ്‌പോട്ട് മേഖലകളില്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.

8. സോഷ്യല്‍ സെക്ടര്‍ മേഖലകള്‍ക്ക് ജില്ലയില്‍ പൂര്‍ണമായും പ്രവര്‍ത്തിക്കാം

9. ജലസേചനം, ജല സംരക്ഷണം, വെള്ളപ്പൊക്കം തടയുന്നതിനുള്ള നടപടികള്‍, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കിണര്‍ നിര്‍മാണം, വരള്‍ച്ച തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക അകലം പാലിച്ച് അഞ്ചില്‍ കൂടാത്ത അവിദഗ്ധ തൊഴിലാളി ഒരു സംഘത്തില്‍ എന്ന നിലയില്‍ നടത്താം. എന്നാല്‍ 60 വയസില്‍ കൂടുതലുള്ളവരെ ഈ ജോലികളില്‍ പങ്കെടുപ്പിക്കരുത്.

10. മൊബൈല്‍, ഇലക്ട്രോണിക് ഉപകരണ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ അഞ്ച് വരെ

11. ഹോട്ട് സ്‌പോട് മേഖലയിലൊഴികെ ചരക്കു നീക്കത്തിനും കയറ്റിറക്ക് പ്രവര്‍ത്തികള്‍ക്കുമായി തൊഴിലാളികളുടെ യാത്ര അനുവദിക്കും.

12. ശാരീരിക അകലം പാലിച്ച് ശനിയാഴ്ചകളില്‍ ട്രക്ക് മറ്റ് വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പുകള്‍ രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ

13. അവശ്യസാധനങ്ങള്‍, ഭക്ഷണം, പച്ചക്കറി, പാല്‍, കോഴിക്കടകള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരിക്കും. ഡോര്‍ ഡെലിവറി സംവിധാനം രാത്രി എട്ടു വരെയും നടത്താം. ആവശ്യമെങ്കില്‍ ഹോട്ട് സ്‌പോട്ട് മേഖലകളില്‍ ഡോര്‍ ഡെലിവറി സംവിധാനത്തിനും അനുമതിയുണ്ട്.

14. ഹോട് സ്‌പോടിലൊഴികെ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം പാര്‍സലായി രാത്രി എട്ട് വരെയും ഹോം ഡെലിവറി രാത്രി 10 വരെയും നടത്താം. അംഗീകൃത സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് പോകുന്നയാള്‍ കരുതണം.

15. തിങ്കളാഴ്ചകളില്‍ ഇലക്ട്രിക്കല്‍ ഷോപ്പുകള്‍ക്കും പഠന പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.

16. ബുധനാഴ്ചകളില്‍ സിമന്റ് കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവര്‍ത്തിക്കാം.

17. വ്യവസായ മേഖലകളില്‍ സാമൂഹിക അകലമുള്‍പ്പടെ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം

18. ആശുപത്രികളുടെ കെട്ടിട നിര്‍മാണം, മഴക്കാല പൂര്‍വ നിര്‍മാണ പ്രവര്‍ത്തികള്‍, ജലസേചനം, കെ.എസ്.ഇ.ബി എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍, അഴുക്കുചാലുകളുടെ നിര്‍മാണം, ഹാര്‍ബര്‍ എഞ്ചിനീയിറിംഗ് ജോലികള്‍, പാതി വഴിയില്‍ മുടങ്ങിയ റോഡുകള്‍, ജല വിതരണ സംവിധാനം, ശുചീകരണം എന്നിവ കൃത്യമായ നിബന്ധനകളോടെ നടത്താവുന്നതാണ്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ അത്യാവശ്യത്തിന് തൊഴിലാളികളെ ഉള്‍പ്പെടുത്തുകയും ജോലിസ്ഥലത്ത് തന്നെ അവരെ താമസിപ്പിക്കുകയും ചെയ്യേണ്ടതാണ്. യാതൊരു കാരണവശാലും ദിവസേനയുള്ള തൊഴിലാളികളുടെ യാത്രകള്‍ അനുവദിക്കില്ല.

19. ഹോട്ട് സ്‌പോട് മേഖലകളിലൂടെയുള്ള യാത്രകള്‍ക്കുള്ള കര്‍ശന നിയന്ത്രണം തുടരും. ഹോട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലമോ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ നല്‍കുന്ന പാസ് എന്നിവ നിര്‍ബന്ധമാണ്. സന്നദ്ധ സേവകര്‍ക്കും ഇത്തരത്തില്‍ അംഗീകൃത പാസ് നിര്‍ബന്ധമാണ്.

20. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അവരുടെ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും.

21. സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നതിന് ഗര്‍ഭിണികള്‍, ചികിത്സയുടെ ആവശ്യാര്‍ത്ഥം പോകുന്നവര്‍, അടുത്ത ബന്ധുവിന്റെ മരണവുമായോ മരണാസന്നരായവരെ കാണുന്നതിനായോ പോകുന്നവര്‍ എന്നിവരെ അനുവദിക്കും.

22. ക്വാറികളിലും ക്രഷറുകളിലും ഖനനം അനുവദിക്കില്ല. എന്നാല്‍ നിലവിലുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വില്‍പ്പന നടത്താം. ഇത്തരം സ്ഥാപനങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കണം. തൊഴിലാളികളെ സൗകര്യപ്രദമായി താമസിപ്പിക്കണം. ദിവസേനയുള്ള അവരുടെ യാത്ര അനുവദിക്കുന്നതല്ല.

23. സിമന്റ് കട്ടകള്‍, ഇന്റര്‍ ലോക്ക് കട്ടകള്‍, ഹോളോബ്രിക്സ്, ഇഷ്ടിക തുടങ്ങിയവയുടെ നിര്‍മ്മാണം ചട്ടങ്ങള്‍ പാലിച്ച് ആരംഭിക്കാം. എന്നാല്‍ മെയ് മൂന്ന് വരം വില്‍പ്പനയോ ഉത്പന്നങ്ങള്‍ വാഹനത്തില്‍ എത്തിച്ചു നല്‍കുന്നതിനോ അനുമതിയില്ല. നിലവിലുള്ള അതിഥി തൊഴിലാളികളുടെ സേവനം നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്. സാമൂഹ്യ അകലവും വ്യക്തി ശുചിത്വവും ഉറപ്പാക്കണം.

24. ഹോട്ട് സ്പോടട്ട് മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 28 ന് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജ്വല്ലറി ഷോപ്പുകള്‍ തുറക്കാം. ഉപഭോക്താക്കളെ ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

കൂടാതെ അവശ്യ സേവന വിഭാഗങ്ങളുടെ പട്ടികയില്‍ വരുന്ന വകുപ്പുകളിലെ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ നിയോഗിച്ചിട്ടുള്ളവര്‍ക്കും ഇളവുകള്‍ ബാധകമാണ്. ഇപ്പോള്‍ അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്താല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Sharing is caring!