വീട്ടില്‍നിന്നും പുറത്തിറങ്ങാതെ മലപ്പുറത്തുകാര്‍. ജനതാ കര്‍ഫ്യൂ ഏറ്റെടുത്തു

വീട്ടില്‍നിന്നും  പുറത്തിറങ്ങാതെ മലപ്പുറത്തുകാര്‍. ജനതാ കര്‍ഫ്യൂ  ഏറ്റെടുത്തു

മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ മലപ്പുറം ജില്ലയില്‍ പൂര്‍ണ്ണം. ഇന്ന് രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതുവരെ വീടുകളില്‍ തന്നെ കഴിയണമെന്ന നിര്‍ദേശം ജനങ്ങള്‍ ഏറ്റെടുത്തു. ദിവസം മുഴുവന്‍ വീടുകളില്‍ കഴിഞ്ഞവര്‍ സംസ്ഥാന സര്‍ക്കാറിന്റെ ശുചീകരണ ആഹ്വാനവും ഏറ്റെടുത്തു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ വീടും പരിസരവും അണുവിമുക്തമാക്കി പൊതു സമൂഹം കോവിഡ് 19 വൈറസ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്തു. ജില്ലയിലെ നിരത്തുകളെല്ലാം ശൂന്യമായിരുന്നു. അത്യാവശ്യങ്ങള്‍ക്കു മാത്രമാണ് ചിലരെങ്കിലും പുറത്തിറങ്ങിയത്. കട കമ്പോളങ്ങളും മറ്റു സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സി ബസുകളുള്‍പ്പെടെ പൊതു യാത്രാ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
കോവിഡ് 19 ഭീഷണി നേരിടാന്‍ പൊതുജനങ്ങള്‍ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയപ്പോള്‍ വൈറസ് വ്യാപനം തടയാനുള്ള അക്ഷീണ യത്‌നത്തിലായിരുന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വളണ്ടിയര്‍മാരും. ദുരന്ത നിവാരണ വിഭാഗത്തിലും ജില്ലാ മെഡിക്കല്‍ ഓഫീസിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമായി ഏഴു കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിച്ചത്. ജില്ലയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു. മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി, കുടുംബാരോഗ്യ കേന്ദ്രങ്ങളും താലൂക്ക്, ജില്ലാ ആശുപത്രികളും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജും ഇന്നലെ (മാര്‍ച്ച് 22) പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിച്ചു. ജില്ലയില്‍ സജ്ജമാക്കിയ നാല് ഐസൊലേഷന്‍ കേന്ദ്രങ്ങളിലും വിദഗ്ധ സംഘങ്ങള്‍ നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള പരിചരണം ഉറപ്പാക്കി. ജില്ലാതല കണ്‍ട്രോള്‍ സെല്ലും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചു.
കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വാര്‍ഡ് തലങ്ങള്‍ മുതല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മ സംഘങ്ങള്‍ നിദാന്ത ജാഗ്രത പുലര്‍ത്തി. പൊലീസിന്റെ പ്രത്യേക നിരീക്ഷണം ജില്ലാ വ്യാപകമായുണ്ടായിരുന്നു. ആരോഗ്യ ജാഗ്രത ഉറപ്പാക്കാനുള്ള ഇടപെടലും ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസ് നടത്തി. ദുരന്ത നിവാരണ വിഭാഗം പ്രതിരോധ മുന്നൊരുക്കങ്ങളില്‍ സജീവമായി. പൊതുജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും വാര്‍ത്താ കുറിപ്പുകളും തയ്യാറാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാരും കര്‍മ്മനിരതരായി. പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ നിന്നും ഐ.ടി. മിഷന്റെ നേതൃത്വത്തിലും ഏകോപിപ്പിച്ചു. പൊതു സ്ഥലങ്ങള്‍ അണു വിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അഗ്നി രക്ഷാ സേനയും സജീവമായി. വനം വകുപ്പ്, കുടിവെള്ളം, വൈദ്യുതി വിതരണം തുടങ്ങി ജില്ലയിലെ മറ്റ് അവശ്യ സേവനങ്ങള്‍ ഉറപ്പാക്കേണ്ട ജീവനക്കാരും ജനതാ കര്‍ഫ്യൂ ദിവസം സേവന രംഗത്തുണ്ടായിരുന്നു.

Sharing is caring!