11കാരിയെ പീഡിപ്പിച്ച മാതൃസഹോദരന് ജാമ്യമില്ല

11കാരിയെ പീഡിപ്പിച്ച മാതൃസഹോദരന് ജാമ്യമില്ല

മഞ്ചേരി : പതിനൊന്നുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മാതൃസഹോദരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയായ 30 കാരന്റെ ജാമ്യാപേക്ഷയാണ് പോക്‌സോ കോടതിയുടെ ചാര്‍ജ്ജുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി സുരേഷ് ബാബു തള്ളിയത്. തറവാട്ടുവീട്ടില്‍ കുട്ടിയോടൊപ്പം താമസിച്ചു വരുന്ന പ്രതി 2019 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ പലതവണ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
അതേ സമയം പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പറവണ്ണ പുത്തനങ്ങാടി കുട്ടാത്ത് വീട്ടില്‍ നിസാര്‍ (25)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഡിസംബര്‍ 13നാണ് കേസിന്നാസ്പദമായ സംഭവം. പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ കയറ്റി തൃശൂരിലെ ലോഡ്ജില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല ഭീഷണിപ്പെടുത്തി കവര്‍ന്നതായും പരാതിയുണ്ട്. 2020 ഫെബ്രുവരി 29ന് പ്രതി താനൂര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.

Sharing is caring!